About Me

My photo
എന്നെ കുറിച്ച് എന്ത് പറയാന്‍...ഞാന്‍ ഈ ലോകത്തെ വെറുമൊരു കണിക.... വികാരങ്ങളും വിചാരങ്ങളും എല്ലാം ഉള്ള ഒരു സാധാരണ മനുഷ്യജീവി... പ്രണയത്തെ പ്രണയിക്കുന്ന..കണ്ണുനീരിനെ സ്നേഹിക്കുന്ന....പിന്നെ ചില ഒറ്റപ്പെടലുകളെ ഇഷ്ടപ്പെടുന്ന...സൗഹൃദങ്ങളെ വില മതിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി...ഈ ലോകത്തിലെ എല്ലാവരുടെയും മുഖത്ത് സന്തോഷം കാണാന്‍ ആഗ്രഹിക്കുന്ന..ഒരല്പം സ്വപ്നജീവി ആയ ഒരു പെണ്‍കുട്ടി..അതാണ്‌ ഞാന്‍..നിങ്ങളുടെ സ്വന്തം മിന്നൂസ്...

Friday, August 13, 2010

ഒരു ആത്മാവിന്‍റെ പിന്‍കുറിപ്പുകള്‍...


                    ഞാനിന്നു സ്വതന്ത്രയാണ്...ജീവിതത്തിന്‍റെ ബന്ധങ്ങളും ബന്ധനങ്ങളും പൊട്ടിച്ചെറിയപ്പെട്ട് ഞാനിന്നു
സ്വതന്ത്രയാക്കപ്പെട്ടിരിക്കുന്നു...പ്രായത്തിന്‍റെ അവശതകളും മനം മടുപ്പിക്കുന്ന മരുന്നുകളും ഇനി എന്നെ അലോസരപ്പെടുത്തുകയില്ല...!!പക്ഷേ ഞാനീ സ്വാതന്ത്ര്യം സ്വയം നേടിയെടുത്തതാണോ..??അല്ല....കാലത്തിന്‍റെ കരങ്ങള്‍ എന്നെ സ്വതന്ത്രയാക്കിയതാണ്..എനിക്കിപ്പോള്‍ പേരില്ല..വീടില്ല...നാടില്ല..എന്നെ തടയാന്‍ ആരുമില്ല...ശരീരത്തിന്‍റെ ഭാരവും കടമകളും എനിക്കിനി അനുഭവിക്കേണ്ടതില്ല..എന്നാല്‍..ഈ സ്വാതന്ത്ര്യം എനിക്ക് ആഹ്ലാദമാണോ വേദനയാണോ പ്രദാനം ചെയ്യുന്നത് എന്ന് എനിക്ക്  തിരിച്ചറിയാന്‍ കഴിയുന്നില്ല..ആത്മാവിനു എന്തു വേദന..എന്തു ആഹ്ലാദം..!!
                    ആരോ ഊരിയെറിഞ്ഞ മുഷിഞ്ഞ ഉടുവസ്ത്രം പോലെ അതാ എന്‍റെ ശരീരം ...വെള്ളത്തുണിയില്‍ പൊതിഞ്ഞ്‌ ,തലയ്ക്കല്‍  വിളക്കുമായി...ചുറ്റും എനിക്കിപ്പോള്‍ തീര്‍ത്തും അന്യരായ ഭര്‍ത്താവും മക്കളും അവരുടെ മക്കളും ബന്ധുക്കളും...എല്ലാവരുടെയും മുഖത്ത് ദുഃഖം പ്രകടമായിരുന്നുവെങ്കിലും അത്രത്തോളം ദുഃഖം അവരുടെ മനസ്സില്‍ ഇല്ല എന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നു...വാസ്തവത്തില്‍ അവരൊക്കെ എന്നെ സ്നേഹിച്ചിരുന്നുവോ..??
                    കഴിഞ്ഞ ജീവിതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലാകുന്നു..മനുഷ്യര്‍ സ്വാര്‍ത്ഥരാണ്..എന്തെങ്കിലും നേടാന്‍ വേണ്ടി മാത്രം എന്തെങ്കിലും ചെയ്യുന്നവര്‍..സ്വന്തം കാര്യനിര്‍വഹണത്തിനു വേണ്ടി മാത്രം അന്യരെ  സ്നേഹിക്കുന്നവര്‍...അല്ല..സ്നേഹം നടിക്കുന്നവര്‍...പച്ചയായ സ്നേഹം എന്താണെന്ന് ഞാനറിഞ്ഞിട്ടുണ്ടോ??അന്ന് യഥാര്‍ത്ഥ സ്നേഹം കിട്ടാഞ്ഞിട്ടാവാം,മരിച്ചു കഴിഞ്ഞ് സ്വതന്ത്രമായപ്പോള്‍ ആത്മാവിനു ഒരു തരം ചുട്ടുപൊള്ളല്‍...
                    ഇത്രയും കാലത്തെ ജീവിതം ഒരു നാടകം പോലെ തോന്നുന്നു...കണ്ടുമുട്ടിയവരെല്ലാം അഭിനേതാക്കള്‍..!!ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളും നേരിട്ടിട്ടുണ്ട്..സ്വയം ഞാനും ഒരു അഭിനേത്രി ആയിരുന്നെന്ന്‌  ഇപ്പോള്‍ മനസ്സിലാക്കുന്നു..മനസ്സിലൊന്നും പുറത്തു മറ്റൊന്നും പ്രകടിപ്പിച്ചു മുന്നോട്ടു നയിച്ച ജീവിതം..അതിനെ നാടകമെന്നല്ലാതെ എന്തു വിളിക്കാന്‍...കുറ്റം പറഞ്ഞിട്ട് കാര്യമില്ല....കാരണം...ഞാനും അവരില്‍ ഒരാളായിരുന്നു...

ഓര്‍മകളുടെ തിരശ്ശീല വീണ്ടും ഉയരട്ടെ....

രംഗം ഒന്ന്...

               നഗരത്തിലെ പ്രശസ്തരായ...പണമുണ്ടെങ്കില്‍ എല്ലാമായി എന്ന് കരുതുന്ന...ദമ്പതികളുടെ മകളായി ജനനം...സ്വന്തം സൗന്ദര്യത്തിന്‍റെ  മാറ്റ് കുറയാതിരിക്കാനായി ജനിച്ചു മാസങ്ങള്‍ക്കകം മുലപ്പാല്‍ നിഷേധിച്ച അമ്മ...!!ആ അമ്മ ഓര്‍ത്തില്ല,മുലപ്പാലിനൊപ്പം സ്വന്തം മകള്‍ക്ക് സ്നേഹവും കൂടിയാണ് നിഷേധിക്കുന്നതെന്ന്...പണത്തിനു വേണ്ടിയുള്ള തിരക്കുകളില്‍ സ്വയം അലിഞ്ഞു ചേര്‍ന്ന അച്ഛന്‍ അവള്‍ക്കു നല്‍കാന്‍ മറന്നു പോയത് വാത്സല്യമായിരുന്നു...ഏതൊരു മകളും പിതാവില്‍ നിന്നും കൊതിക്കുന്ന..കരുതലോടു കൂടിയ വാത്സല്യം...മകളെ സ്നേഹിക്കുന്നു എന്ന പേരില്‍ അവര്‍ രണ്ടു പേരും കൂടി അവള്‍ക്കു നിഷേധിച്ചത് കൂടപ്പിറപ്പിനെയായിരുന്നു...അതിലൂടെ അവള്‍ക്കു നഷ്ടമായത് ജീവിതത്തിലെ കുറേ നല്ല മുഹൂര്‍ത്തങ്ങളായിരുന്നു..അതിലൂടെ അവള്‍ക്കു കിട്ടിയതോ..ഏകാന്ത ജീവിതം..!!ഓരോ തിരക്കുകളില്‍ മുഴുകി അവര്‍ ഓടി നടന്നപ്പോള്‍ അവള്‍ കളിക്കാനും അടി വെയ്ക്കാനും പങ്കു വെയ്ക്കാനും ആരുമില്ലാതെ ഏകാന്തജീവിതം നയിക്കുകയായിരുന്നു...അച്ഛനമ്മമാരുടെ  യഥാര്‍ത്ഥ സ്നേഹം അവള്‍ക്കു ലഭിച്ചിരുന്നില്ല എന്ന് ചുരുക്കം..

രംഗം രണ്ട്....

               സ്കൂളില്‍ എത്തിപ്പെട്ടപ്പോള്‍ അവള്‍ ഏറെ ആഹ്ലാദിച്ചു..തന്നെപ്പോലെയുള്ള ഒരുപാട് കുട്ടികള്‍..കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടന്ന ആ കാലം ആഹ്ലാദപൂര്‍ണമാണെന്നു അവള്‍   അന്നു വിസ്വസിചിരുന്നുവെങ്കിലും എന്തൊക്കെയോ ദുഃഖങ്ങള്‍ അവളുടെ മനസ്സില്‍ ഉണ്ടായിരുന്നുവെന്നു ഇപ്പോള്‍ മനസ്സിലാകുന്നു...സൗന്ദര്യത്തിലും സാമ്പത്തികത്തിലും മെച്ചപ്പെട്ട കുട്ടികളോട് മാത്രം വാത്സല്യം കാട്ടുന്ന അദ്ധ്യാപകര്‍..അച്ഛന്‍ കൊടുക്കുന്ന പി.ടി.എ ഫ ണ്ടിന്‍റെ   വലിപ്പത്തിനനുസരിച്ച് സ്നേഹത്തിന്‍റെ വലിപ്പവും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന പ്രധാനാദ്ധ്യാപിക..പച്ചയായ സ്നേഹം അവിടെയും നിഷേധിക്കപ്പെട്ടിരുന്നുവെന്നു ഇപ്പോള്‍ മനസ്സിലാകുന്നു...
               കോളേജില്‍ എത്തിയപ്പോള്‍ പിന്നെയും സന്തോഷത്തിന്‍റെ ദിനങ്ങളായിരുന്നു അവള്‍ക്ക്‌...പക്ഷേ സൗഹൃദങ്ങള്‍ വെറും ആശംസയും യാത്രാമൊഴിയും കൂട്ടിക്കലര്‍ത്തിയ ബന്ധങ്ങള്‍ മാത്രമാണെന്ന് അവള്‍ക്ക്‌ മനസ്സിലായി..പ ണമുള്ളതിന്‍റെ പേരില്‍ മാത്രമുള്ള കൂടിച്ചേരലുകള്‍...പരസ്പരം കാണുമ്പോള്‍ ചുണ്ടില്‍ വിടരുന്ന പുഞ്ചിരി പോലും കൃത്രിമത്വം  നിറഞ്ഞതായിരുന്നു..ഇപ്പോള്‍ അത് മനസ്സിലാകുന്നു..അതായത്...ശരിയായ സ്നേഹം അവിടെയും അവള്‍ക്ക്‌ ലഭിച്ചിരുന്നില്ല....

രംഗം മൂന്ന്‌...

               അവളുടെ പ്രണയകാലം...കോളേജില്‍ പഠിക്കുമ്പോഴായിരുന്നു അത്....അവളുടെ എല്ലാമെല്ലാമായി അവന്‍ ജീവിതത്തിലേയ്ക്ക് കടന്നു വന്നപ്പോള്‍ അവളുടെ ജീവിതം നിറമാര്‍ന്നതായി..സ്വപ്നങ്ങളില്‍‍ മഴവില്‍വര്‍ണ്ണങ്ങള്‍ വിടരാന്‍ തുടങ്ങി...മനസ്സില്‍ എപ്പോഴും അവനായിരുന്നു പിന്നെ..ഉറങ്ങുമ്പോഴും ഉണര്‍ന്നെണീക്കുമ്പോഴും എല്ലാം...അവന്‍റെ സ്നേഹം എല്ലാം കൊണ്ടും പരിശുദ്ധവും സത്യവുമാണെന്നു അവള്‍ വിശ്വസിച്ചു..അവന്‍ വിശ്വസിപ്പിച്ചു...അവനു വേണ്ടി സ്വന്തം ജീവന്‍ നല്‍കാന്‍ പോലും അവള്‍ തയാറായിരുന്നു..പക്ഷേ അവനു വേണ്ടിയിരുന്നത് അവളുടെ സ്നേഹമോ അവളോടൊത്തുള്ള ജീവിതമോ ആയിരുന്നില്ല...വെറും ഭൗതികസുഖങ്ങളില്‍ മുഴുകി കഴിയാനിഷ്ടപ്പെട്ടിരുന്ന അവന്‍റെ ലക്‌ഷ്യം അവളുടെ ശരീരമായിരുന്നു...പ്രണയത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു അവളുടെ ശരീരം സ്വന്തമാക്കുന്നതിലായിരുന്നു അവന്‍റെ ആഹ്ലാദം..വിവാഹം വരെ പരിശുദ്ധയായി ജീവിക്കാന്‍ ആഗ്രഹിച്ച അവളെ അവന്‍ നിഷ്കരുണം ഉപേക്ഷിച്ചു....അപ്പോള്‍ അവന്‍ അവളോട്‌ കാണിച്ചിരുന്നത് വെറും പൊള്ളയായ സ്നേഹമായിരുന്നു..അവന്‍ സ്നേഹം അഭിനയിക്കുകയായിരുന്നു.. വെറും അഭിനയം...അപ്പോള്‍ അവിടെയും സ്നേഹം അവള്‍ക്ക്‌ നിഷേധിക്കപ്പെട്ടു...

രംഗം നാല്...

               ഒടുവില്‍ മാതാപിതാക്കള്‍ കടമ തീര്‍ത്തു...അവളുടെ വിവാഹം കഴിഞ്ഞു..അതിഗംഭീരമായി..ആഡംബരപൂര്‍വ്വം...വൈവാഹികജീവിതത്തിലേയ്ക്ക് അവള്‍ കടന്നു ചെന്നത് വളരെയധികം പ്രതീക്ഷകളോടെയായിരുന്നു..ഭര്‍ത്താവില്‍ നിന്നും അവള്‍ക്ക്‌ "അളവറ്റ" സ്നേഹം ലഭിച്ചു..പക്ഷേ അതൊക്കെ വെറുതെ ആയിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു...അന്നു തിരിച്ചറിയാന്‍ കഴിയാതെ പോയ ചില സത്യങ്ങള്‍ ഇതാ ഇപ്പോള്‍ മനസ്സിലാകുന്നു...കാമുകന് ലക്‌ഷ്യം അവളുടെ ശരീരമായിരുന്നു എങ്കില്‍...ഭര്‍ത്താവിനു ലക്‌ഷ്യം അന്യസ്ത്രീകളായിരുന്നു.. അവരുടെ ശരീരമായിരുന്നു..അതിലൂടെ ലഭിക്കുന്ന മ്ലേച്ഛമായ..ഭൗതികമായ സുഖമായിരുന്നു....എന്തൊരു വിധിവൈപരീത്യം..അപ്പോള്‍...അവള്‍ വഞ്ചിക്കപ്പെടുകയായിരുന്നോ..??ഭര്‍ത്താവ് കാട്ടിയ സ്നേഹം അവളെ പറ്റിക്കാനുള്ളതായിരുന്നുവെന്നു ഇപ്പോള്‍ മനസ്സിലാകുന്നു..വാസ്തവത്തില്‍ അവിടെയും അവള്‍ക്ക് യഥാര്‍ത്ഥ സ്നേഹം നിഷേധിക്കപ്പെടുകയായിരുന്നു...

രംഗം അഞ്ച്...

               അവള്‍ ഒരു അമ്മയായപ്പോള്‍..കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി അവള്‍ അവളുടെ ജീവിതം മാറ്റിവെച്ചു...അവരുടെ കാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കാനാരംഭിച്ചു...അവര്‍ തന്നെ ഉള്ളു തുറന്നു സ്നേഹിക്കുമെന്നു അവള്‍ അകമഴിഞ്ഞ് വിശ്വസിച്ചു..അവര്‍ വളര്‍ന്നു വന്നപ്പോള്‍..സ്കൂളിലും കോളേജിലും പോയി തുടങ്ങിയപ്പോള്‍..അവരുടെ സ്നേഹത്തിലും സ്വാര്‍ഥതയുടെ കരിനിഴല്‍ കലരാന്‍ തുടങ്ങി...അച്ഛനറിയാതെ ഉത്തരക്കടലാസ്സില്‍ ഒപ്പു വാങ്ങാനും കൂട്ടുകാരുമൊത്ത് ആഘോഷിക്കാന്‍ കാശ് വാങ്ങാനുമായി അവര്‍ അമ്മയെ സ്നേഹിച്ചു...അവിടെയും അവള്‍ക്ക്‌ വേണ്ടത് പോലെ സ്നേഹം ലഭിച്ചില്ല എന്ന് സാരം...

രംഗം ആറ്...

               പേരക്കുട്ടികള്‍ ആയപ്പോള്‍ അവര്‍ക്ക് കഥ പറഞ്ഞ്‌ കൊടുക്കുന്ന..അവരെ ജീവനേക്കാള്‍ സ്നേഹിക്കുന്ന..നല്ല മുത്തശ്ശിയായി അവള്‍ മാറി...ആ കുഞ്ഞുങ്ങള്‍ അവളെ സ്നേഹിച്ചു...പക്ഷേ മതിവരുവോളം ആ സ്നേഹം നുകരുവാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല...കാലത്തിന്‍റെ പ്രഹരം അവളെ അത്രയേറെ അവശയാക്കിയിരുന്നു...ഒടുവില്‍ പ്രകൃതിയുടെ നിയമം അനുസരിച്ച് അവളുടെ ആത്മാവ് ശരീരം വിട്ടകന്നു...അവളുടെ ജീവിതനാടകത്തിനു അന്ത്യമായി...

തിരശ്ശീല താഴ്ന്നു..എന്നെന്നേയ്ക്കുമായി...

               അതെ..ജീവിച്ചിരുന്നപ്പോള്‍ പച്ചയായ സ്നേഹം നിഷേധിക്കപ്പെട്ട ഈ ആത്മാവ് ചുട്ടുപൊള്ളൂകയാണ് ..ആത്മാവിനു ഹൃദയമില്ല...മനസ് എന്തെന്ന് അറിയില്ല...വികാരങ്ങള്‍ ഇല്ല...അതിനാലായിരിക്കാം പൊട്ടിക്കരയാന്‍ കഴിയാത്തത്..ഈ ചുട്ടുപൊളളല്‍ അനുഭവിക്കുക തന്നെ...സരിയായ സ്നേഹം നിഷേധിക്കപ്പെട്ടതിലുള്ള വിങ്ങലും..ജീവിച്ചിരുന്നപ്പോള്‍ താനും ഇങ്ങനെ തന്നെയായിരുന്നു എന്ന തിരിച്ചറിവും.....ഇതു രണ്ടും ചേര്‍ന്ന് എന്നെ...ഈ ആത്മാവിനെ ചുട്ടുപൊള്ളിക്കുകയാണ്...
               ഞാന്‍ സ്വതന്ത്രയാണ്..എല്ലാത്തരത്തിലും ഞാന്‍ സ്വതന്ത്രയാക്കപ്പെട്ടിരിക്കുന്നു...എന്നെ തടയാന്‍ ഇനി ഒന്നിനുമാകില്ല..നദിയോ കാറ്റോ...ഭാഷയോ ദേശമോ...അധികാരമോ അവകാശമോ..സ്നേഹമോ കടമയോ...ഒന്നും തന്നെ എനിക്കിനി തടസ്സം നില്‍ക്കില്ല....എല്ലാത്തിനും അതീതമാണ് ഞാന്‍...ഞാന്‍ ആത്മാവാണ്....പക്ഷേ...ഈ സ്വാതന്ത്ര്യം എനിക്ക് വേദനയാണ് പ്രദാനം ചെയ്യുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു...സ്വന്തമെന്നു പറയാന്‍ ഈ വല്ലാത്ത ചുട്ടുപൊളളല്‍   മാത്രം...ഇനിയൊരു പുനര്‍ജ്ജന്മം എനിക്ക് ആവശ്യമില്ല....ഈ ചുട്ടുപൊളളല്‍ വര്‍ദ്ധിപ്പിക്കാന്‍ എനിക്കിനി വയ്യ തന്നെ....എനിക്ക് വേണ്ടത് നിത്യശാന്തിയാണ്....അതിനായി ഞാനീ പ്രകൃതിയുടെ മടിത്തട്ടില്‍ അലിഞ്ഞുചേരാന്‍ ആഗ്രഹിക്കുന്നു..ഈ ആത്മാവിനെ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ...നിത്യമായ സമാധാനത്തിനു വേണ്ടി.....ഞാനീ പ്രകൃതിയില്‍ അലിഞ്ഞുചേരട്ടെ....

2 comments:

  1. ജീവിതം നമുക്ക് തരുന്ന വേഷങ്ങള്‍.. കെട്ടി ആടുക തന്നെ... നിശ്ചയം..!! സ്നേഹാശംസകള്‍... ഹൃദയപൂര്‍വ്വം...

    ReplyDelete
  2. ഒരിക്കല്‍ കൂടി നന്ദി..നന്ദി മനുവേട്ടാ..

    ReplyDelete