About Me

My photo
എന്നെ കുറിച്ച് എന്ത് പറയാന്‍...ഞാന്‍ ഈ ലോകത്തെ വെറുമൊരു കണിക.... വികാരങ്ങളും വിചാരങ്ങളും എല്ലാം ഉള്ള ഒരു സാധാരണ മനുഷ്യജീവി... പ്രണയത്തെ പ്രണയിക്കുന്ന..കണ്ണുനീരിനെ സ്നേഹിക്കുന്ന....പിന്നെ ചില ഒറ്റപ്പെടലുകളെ ഇഷ്ടപ്പെടുന്ന...സൗഹൃദങ്ങളെ വില മതിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി...ഈ ലോകത്തിലെ എല്ലാവരുടെയും മുഖത്ത് സന്തോഷം കാണാന്‍ ആഗ്രഹിക്കുന്ന..ഒരല്പം സ്വപ്നജീവി ആയ ഒരു പെണ്‍കുട്ടി..അതാണ്‌ ഞാന്‍..നിങ്ങളുടെ സ്വന്തം മിന്നൂസ്...

Friday, August 13, 2010

ഒരു ആത്മാവിന്‍റെ പിന്‍കുറിപ്പുകള്‍...


                    ഞാനിന്നു സ്വതന്ത്രയാണ്...ജീവിതത്തിന്‍റെ ബന്ധങ്ങളും ബന്ധനങ്ങളും പൊട്ടിച്ചെറിയപ്പെട്ട് ഞാനിന്നു
സ്വതന്ത്രയാക്കപ്പെട്ടിരിക്കുന്നു...പ്രായത്തിന്‍റെ അവശതകളും മനം മടുപ്പിക്കുന്ന മരുന്നുകളും ഇനി എന്നെ അലോസരപ്പെടുത്തുകയില്ല...!!പക്ഷേ ഞാനീ സ്വാതന്ത്ര്യം സ്വയം നേടിയെടുത്തതാണോ..??അല്ല....കാലത്തിന്‍റെ കരങ്ങള്‍ എന്നെ സ്വതന്ത്രയാക്കിയതാണ്..എനിക്കിപ്പോള്‍ പേരില്ല..വീടില്ല...നാടില്ല..എന്നെ തടയാന്‍ ആരുമില്ല...ശരീരത്തിന്‍റെ ഭാരവും കടമകളും എനിക്കിനി അനുഭവിക്കേണ്ടതില്ല..എന്നാല്‍..ഈ സ്വാതന്ത്ര്യം എനിക്ക് ആഹ്ലാദമാണോ വേദനയാണോ പ്രദാനം ചെയ്യുന്നത് എന്ന് എനിക്ക്  തിരിച്ചറിയാന്‍ കഴിയുന്നില്ല..ആത്മാവിനു എന്തു വേദന..എന്തു ആഹ്ലാദം..!!
                    ആരോ ഊരിയെറിഞ്ഞ മുഷിഞ്ഞ ഉടുവസ്ത്രം പോലെ അതാ എന്‍റെ ശരീരം ...വെള്ളത്തുണിയില്‍ പൊതിഞ്ഞ്‌ ,തലയ്ക്കല്‍  വിളക്കുമായി...ചുറ്റും എനിക്കിപ്പോള്‍ തീര്‍ത്തും അന്യരായ ഭര്‍ത്താവും മക്കളും അവരുടെ മക്കളും ബന്ധുക്കളും...എല്ലാവരുടെയും മുഖത്ത് ദുഃഖം പ്രകടമായിരുന്നുവെങ്കിലും അത്രത്തോളം ദുഃഖം അവരുടെ മനസ്സില്‍ ഇല്ല എന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിയുന്നു...വാസ്തവത്തില്‍ അവരൊക്കെ എന്നെ സ്നേഹിച്ചിരുന്നുവോ..??
                    കഴിഞ്ഞ ജീവിതത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലാകുന്നു..മനുഷ്യര്‍ സ്വാര്‍ത്ഥരാണ്..എന്തെങ്കിലും നേടാന്‍ വേണ്ടി മാത്രം എന്തെങ്കിലും ചെയ്യുന്നവര്‍..സ്വന്തം കാര്യനിര്‍വഹണത്തിനു വേണ്ടി മാത്രം അന്യരെ  സ്നേഹിക്കുന്നവര്‍...അല്ല..സ്നേഹം നടിക്കുന്നവര്‍...പച്ചയായ സ്നേഹം എന്താണെന്ന് ഞാനറിഞ്ഞിട്ടുണ്ടോ??അന്ന് യഥാര്‍ത്ഥ സ്നേഹം കിട്ടാഞ്ഞിട്ടാവാം,മരിച്ചു കഴിഞ്ഞ് സ്വതന്ത്രമായപ്പോള്‍ ആത്മാവിനു ഒരു തരം ചുട്ടുപൊള്ളല്‍...
                    ഇത്രയും കാലത്തെ ജീവിതം ഒരു നാടകം പോലെ തോന്നുന്നു...കണ്ടുമുട്ടിയവരെല്ലാം അഭിനേതാക്കള്‍..!!ജീവിതത്തില്‍ പല സന്ദര്‍ഭങ്ങളും നേരിട്ടിട്ടുണ്ട്..സ്വയം ഞാനും ഒരു അഭിനേത്രി ആയിരുന്നെന്ന്‌  ഇപ്പോള്‍ മനസ്സിലാക്കുന്നു..മനസ്സിലൊന്നും പുറത്തു മറ്റൊന്നും പ്രകടിപ്പിച്ചു മുന്നോട്ടു നയിച്ച ജീവിതം..അതിനെ നാടകമെന്നല്ലാതെ എന്തു വിളിക്കാന്‍...കുറ്റം പറഞ്ഞിട്ട് കാര്യമില്ല....കാരണം...ഞാനും അവരില്‍ ഒരാളായിരുന്നു...

ഓര്‍മകളുടെ തിരശ്ശീല വീണ്ടും ഉയരട്ടെ....

രംഗം ഒന്ന്...

               നഗരത്തിലെ പ്രശസ്തരായ...പണമുണ്ടെങ്കില്‍ എല്ലാമായി എന്ന് കരുതുന്ന...ദമ്പതികളുടെ മകളായി ജനനം...സ്വന്തം സൗന്ദര്യത്തിന്‍റെ  മാറ്റ് കുറയാതിരിക്കാനായി ജനിച്ചു മാസങ്ങള്‍ക്കകം മുലപ്പാല്‍ നിഷേധിച്ച അമ്മ...!!ആ അമ്മ ഓര്‍ത്തില്ല,മുലപ്പാലിനൊപ്പം സ്വന്തം മകള്‍ക്ക് സ്നേഹവും കൂടിയാണ് നിഷേധിക്കുന്നതെന്ന്...പണത്തിനു വേണ്ടിയുള്ള തിരക്കുകളില്‍ സ്വയം അലിഞ്ഞു ചേര്‍ന്ന അച്ഛന്‍ അവള്‍ക്കു നല്‍കാന്‍ മറന്നു പോയത് വാത്സല്യമായിരുന്നു...ഏതൊരു മകളും പിതാവില്‍ നിന്നും കൊതിക്കുന്ന..കരുതലോടു കൂടിയ വാത്സല്യം...മകളെ സ്നേഹിക്കുന്നു എന്ന പേരില്‍ അവര്‍ രണ്ടു പേരും കൂടി അവള്‍ക്കു നിഷേധിച്ചത് കൂടപ്പിറപ്പിനെയായിരുന്നു...അതിലൂടെ അവള്‍ക്കു നഷ്ടമായത് ജീവിതത്തിലെ കുറേ നല്ല മുഹൂര്‍ത്തങ്ങളായിരുന്നു..അതിലൂടെ അവള്‍ക്കു കിട്ടിയതോ..ഏകാന്ത ജീവിതം..!!ഓരോ തിരക്കുകളില്‍ മുഴുകി അവര്‍ ഓടി നടന്നപ്പോള്‍ അവള്‍ കളിക്കാനും അടി വെയ്ക്കാനും പങ്കു വെയ്ക്കാനും ആരുമില്ലാതെ ഏകാന്തജീവിതം നയിക്കുകയായിരുന്നു...അച്ഛനമ്മമാരുടെ  യഥാര്‍ത്ഥ സ്നേഹം അവള്‍ക്കു ലഭിച്ചിരുന്നില്ല എന്ന് ചുരുക്കം..

രംഗം രണ്ട്....

               സ്കൂളില്‍ എത്തിപ്പെട്ടപ്പോള്‍ അവള്‍ ഏറെ ആഹ്ലാദിച്ചു..തന്നെപ്പോലെയുള്ള ഒരുപാട് കുട്ടികള്‍..കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടന്ന ആ കാലം ആഹ്ലാദപൂര്‍ണമാണെന്നു അവള്‍   അന്നു വിസ്വസിചിരുന്നുവെങ്കിലും എന്തൊക്കെയോ ദുഃഖങ്ങള്‍ അവളുടെ മനസ്സില്‍ ഉണ്ടായിരുന്നുവെന്നു ഇപ്പോള്‍ മനസ്സിലാകുന്നു...സൗന്ദര്യത്തിലും സാമ്പത്തികത്തിലും മെച്ചപ്പെട്ട കുട്ടികളോട് മാത്രം വാത്സല്യം കാട്ടുന്ന അദ്ധ്യാപകര്‍..അച്ഛന്‍ കൊടുക്കുന്ന പി.ടി.എ ഫ ണ്ടിന്‍റെ   വലിപ്പത്തിനനുസരിച്ച് സ്നേഹത്തിന്‍റെ വലിപ്പവും കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന പ്രധാനാദ്ധ്യാപിക..പച്ചയായ സ്നേഹം അവിടെയും നിഷേധിക്കപ്പെട്ടിരുന്നുവെന്നു ഇപ്പോള്‍ മനസ്സിലാകുന്നു...
               കോളേജില്‍ എത്തിയപ്പോള്‍ പിന്നെയും സന്തോഷത്തിന്‍റെ ദിനങ്ങളായിരുന്നു അവള്‍ക്ക്‌...പക്ഷേ സൗഹൃദങ്ങള്‍ വെറും ആശംസയും യാത്രാമൊഴിയും കൂട്ടിക്കലര്‍ത്തിയ ബന്ധങ്ങള്‍ മാത്രമാണെന്ന് അവള്‍ക്ക്‌ മനസ്സിലായി..പ ണമുള്ളതിന്‍റെ പേരില്‍ മാത്രമുള്ള കൂടിച്ചേരലുകള്‍...പരസ്പരം കാണുമ്പോള്‍ ചുണ്ടില്‍ വിടരുന്ന പുഞ്ചിരി പോലും കൃത്രിമത്വം  നിറഞ്ഞതായിരുന്നു..ഇപ്പോള്‍ അത് മനസ്സിലാകുന്നു..അതായത്...ശരിയായ സ്നേഹം അവിടെയും അവള്‍ക്ക്‌ ലഭിച്ചിരുന്നില്ല....

രംഗം മൂന്ന്‌...

               അവളുടെ പ്രണയകാലം...കോളേജില്‍ പഠിക്കുമ്പോഴായിരുന്നു അത്....അവളുടെ എല്ലാമെല്ലാമായി അവന്‍ ജീവിതത്തിലേയ്ക്ക് കടന്നു വന്നപ്പോള്‍ അവളുടെ ജീവിതം നിറമാര്‍ന്നതായി..സ്വപ്നങ്ങളില്‍‍ മഴവില്‍വര്‍ണ്ണങ്ങള്‍ വിടരാന്‍ തുടങ്ങി...മനസ്സില്‍ എപ്പോഴും അവനായിരുന്നു പിന്നെ..ഉറങ്ങുമ്പോഴും ഉണര്‍ന്നെണീക്കുമ്പോഴും എല്ലാം...അവന്‍റെ സ്നേഹം എല്ലാം കൊണ്ടും പരിശുദ്ധവും സത്യവുമാണെന്നു അവള്‍ വിശ്വസിച്ചു..അവന്‍ വിശ്വസിപ്പിച്ചു...അവനു വേണ്ടി സ്വന്തം ജീവന്‍ നല്‍കാന്‍ പോലും അവള്‍ തയാറായിരുന്നു..പക്ഷേ അവനു വേണ്ടിയിരുന്നത് അവളുടെ സ്നേഹമോ അവളോടൊത്തുള്ള ജീവിതമോ ആയിരുന്നില്ല...വെറും ഭൗതികസുഖങ്ങളില്‍ മുഴുകി കഴിയാനിഷ്ടപ്പെട്ടിരുന്ന അവന്‍റെ ലക്‌ഷ്യം അവളുടെ ശരീരമായിരുന്നു...പ്രണയത്തിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു അവളുടെ ശരീരം സ്വന്തമാക്കുന്നതിലായിരുന്നു അവന്‍റെ ആഹ്ലാദം..വിവാഹം വരെ പരിശുദ്ധയായി ജീവിക്കാന്‍ ആഗ്രഹിച്ച അവളെ അവന്‍ നിഷ്കരുണം ഉപേക്ഷിച്ചു....അപ്പോള്‍ അവന്‍ അവളോട്‌ കാണിച്ചിരുന്നത് വെറും പൊള്ളയായ സ്നേഹമായിരുന്നു..അവന്‍ സ്നേഹം അഭിനയിക്കുകയായിരുന്നു.. വെറും അഭിനയം...അപ്പോള്‍ അവിടെയും സ്നേഹം അവള്‍ക്ക്‌ നിഷേധിക്കപ്പെട്ടു...

രംഗം നാല്...

               ഒടുവില്‍ മാതാപിതാക്കള്‍ കടമ തീര്‍ത്തു...അവളുടെ വിവാഹം കഴിഞ്ഞു..അതിഗംഭീരമായി..ആഡംബരപൂര്‍വ്വം...വൈവാഹികജീവിതത്തിലേയ്ക്ക് അവള്‍ കടന്നു ചെന്നത് വളരെയധികം പ്രതീക്ഷകളോടെയായിരുന്നു..ഭര്‍ത്താവില്‍ നിന്നും അവള്‍ക്ക്‌ "അളവറ്റ" സ്നേഹം ലഭിച്ചു..പക്ഷേ അതൊക്കെ വെറുതെ ആയിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു...അന്നു തിരിച്ചറിയാന്‍ കഴിയാതെ പോയ ചില സത്യങ്ങള്‍ ഇതാ ഇപ്പോള്‍ മനസ്സിലാകുന്നു...കാമുകന് ലക്‌ഷ്യം അവളുടെ ശരീരമായിരുന്നു എങ്കില്‍...ഭര്‍ത്താവിനു ലക്‌ഷ്യം അന്യസ്ത്രീകളായിരുന്നു.. അവരുടെ ശരീരമായിരുന്നു..അതിലൂടെ ലഭിക്കുന്ന മ്ലേച്ഛമായ..ഭൗതികമായ സുഖമായിരുന്നു....എന്തൊരു വിധിവൈപരീത്യം..അപ്പോള്‍...അവള്‍ വഞ്ചിക്കപ്പെടുകയായിരുന്നോ..??ഭര്‍ത്താവ് കാട്ടിയ സ്നേഹം അവളെ പറ്റിക്കാനുള്ളതായിരുന്നുവെന്നു ഇപ്പോള്‍ മനസ്സിലാകുന്നു..വാസ്തവത്തില്‍ അവിടെയും അവള്‍ക്ക് യഥാര്‍ത്ഥ സ്നേഹം നിഷേധിക്കപ്പെടുകയായിരുന്നു...

രംഗം അഞ്ച്...

               അവള്‍ ഒരു അമ്മയായപ്പോള്‍..കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി അവള്‍ അവളുടെ ജീവിതം മാറ്റിവെച്ചു...അവരുടെ കാര്യങ്ങളില്‍ മാത്രം മുഴുകി ജീവിക്കാനാരംഭിച്ചു...അവര്‍ തന്നെ ഉള്ളു തുറന്നു സ്നേഹിക്കുമെന്നു അവള്‍ അകമഴിഞ്ഞ് വിശ്വസിച്ചു..അവര്‍ വളര്‍ന്നു വന്നപ്പോള്‍..സ്കൂളിലും കോളേജിലും പോയി തുടങ്ങിയപ്പോള്‍..അവരുടെ സ്നേഹത്തിലും സ്വാര്‍ഥതയുടെ കരിനിഴല്‍ കലരാന്‍ തുടങ്ങി...അച്ഛനറിയാതെ ഉത്തരക്കടലാസ്സില്‍ ഒപ്പു വാങ്ങാനും കൂട്ടുകാരുമൊത്ത് ആഘോഷിക്കാന്‍ കാശ് വാങ്ങാനുമായി അവര്‍ അമ്മയെ സ്നേഹിച്ചു...അവിടെയും അവള്‍ക്ക്‌ വേണ്ടത് പോലെ സ്നേഹം ലഭിച്ചില്ല എന്ന് സാരം...

രംഗം ആറ്...

               പേരക്കുട്ടികള്‍ ആയപ്പോള്‍ അവര്‍ക്ക് കഥ പറഞ്ഞ്‌ കൊടുക്കുന്ന..അവരെ ജീവനേക്കാള്‍ സ്നേഹിക്കുന്ന..നല്ല മുത്തശ്ശിയായി അവള്‍ മാറി...ആ കുഞ്ഞുങ്ങള്‍ അവളെ സ്നേഹിച്ചു...പക്ഷേ മതിവരുവോളം ആ സ്നേഹം നുകരുവാന്‍ അവള്‍ക്ക്‌ കഴിഞ്ഞില്ല...കാലത്തിന്‍റെ പ്രഹരം അവളെ അത്രയേറെ അവശയാക്കിയിരുന്നു...ഒടുവില്‍ പ്രകൃതിയുടെ നിയമം അനുസരിച്ച് അവളുടെ ആത്മാവ് ശരീരം വിട്ടകന്നു...അവളുടെ ജീവിതനാടകത്തിനു അന്ത്യമായി...

തിരശ്ശീല താഴ്ന്നു..എന്നെന്നേയ്ക്കുമായി...

               അതെ..ജീവിച്ചിരുന്നപ്പോള്‍ പച്ചയായ സ്നേഹം നിഷേധിക്കപ്പെട്ട ഈ ആത്മാവ് ചുട്ടുപൊള്ളൂകയാണ് ..ആത്മാവിനു ഹൃദയമില്ല...മനസ് എന്തെന്ന് അറിയില്ല...വികാരങ്ങള്‍ ഇല്ല...അതിനാലായിരിക്കാം പൊട്ടിക്കരയാന്‍ കഴിയാത്തത്..ഈ ചുട്ടുപൊളളല്‍ അനുഭവിക്കുക തന്നെ...സരിയായ സ്നേഹം നിഷേധിക്കപ്പെട്ടതിലുള്ള വിങ്ങലും..ജീവിച്ചിരുന്നപ്പോള്‍ താനും ഇങ്ങനെ തന്നെയായിരുന്നു എന്ന തിരിച്ചറിവും.....ഇതു രണ്ടും ചേര്‍ന്ന് എന്നെ...ഈ ആത്മാവിനെ ചുട്ടുപൊള്ളിക്കുകയാണ്...
               ഞാന്‍ സ്വതന്ത്രയാണ്..എല്ലാത്തരത്തിലും ഞാന്‍ സ്വതന്ത്രയാക്കപ്പെട്ടിരിക്കുന്നു...എന്നെ തടയാന്‍ ഇനി ഒന്നിനുമാകില്ല..നദിയോ കാറ്റോ...ഭാഷയോ ദേശമോ...അധികാരമോ അവകാശമോ..സ്നേഹമോ കടമയോ...ഒന്നും തന്നെ എനിക്കിനി തടസ്സം നില്‍ക്കില്ല....എല്ലാത്തിനും അതീതമാണ് ഞാന്‍...ഞാന്‍ ആത്മാവാണ്....പക്ഷേ...ഈ സ്വാതന്ത്ര്യം എനിക്ക് വേദനയാണ് പ്രദാനം ചെയ്യുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു...സ്വന്തമെന്നു പറയാന്‍ ഈ വല്ലാത്ത ചുട്ടുപൊളളല്‍   മാത്രം...ഇനിയൊരു പുനര്‍ജ്ജന്മം എനിക്ക് ആവശ്യമില്ല....ഈ ചുട്ടുപൊളളല്‍ വര്‍ദ്ധിപ്പിക്കാന്‍ എനിക്കിനി വയ്യ തന്നെ....എനിക്ക് വേണ്ടത് നിത്യശാന്തിയാണ്....അതിനായി ഞാനീ പ്രകൃതിയുടെ മടിത്തട്ടില്‍ അലിഞ്ഞുചേരാന്‍ ആഗ്രഹിക്കുന്നു..ഈ ആത്മാവിനെ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ...നിത്യമായ സമാധാനത്തിനു വേണ്ടി.....ഞാനീ പ്രകൃതിയില്‍ അലിഞ്ഞുചേരട്ടെ....

Thursday, August 12, 2010

സ്നേഹിതേ..നിനക്കായി..


മനസ്സില്‍ ഒരു കുളിര്‍മഴ പെയ്യുമ്പോള്‍
തെന്നലിന്‍റെയീണമെന്‍ ഹൃദയതന്ത്രികളില്‍ ഉണരുന്നു...
തുലാമിന്നലില്‍ കണ്ണുകള്‍ ചിമ്മിയടയുമ്പോള്‍
ഹൃദയതാളം പെരുമ്പറയായി കൊട്ടിയുണരുന്നു...

ആലോലമിളകുന്നൊരു തോണിയായെന്‍   
ജീവിതം തിരകളിലിളകിമറിയുമ്പോള്‍...
സഖീ...എന്‍ ചാരെ നീയുണ്ടാവില്ലേ,
എന്‍ കരം പിടിച്ച്...ഞാനുണ്ടെന്നോതുവാന്‍...

മോഹങ്ങള്‍ ഒരു പിടി വെണ്ണീറായി മാറുമ്പോള്‍..
മിഴികളില്‍ മഴമേഘം നിറഞ്ഞു തുളുമ്പുമ്പോള്‍..
നീയെന്നുമെന്‍റെ  കണ്‍മുന്നിലുണ്ടാവില്ലേ,
അരുത്..നീ കരയരുതെന്ന് ശാസിക്കുവാന്‍..

കാലചക്രം ദ്രുതഗതിയിലുരുളുമ്പോഴും..
ജീവിതം ജരാനരയില്‍ മുങ്ങുമ്പോഴും..
എന്‍ സ്മരണികയിലെന്നും നിറമാര്‍ന്നു നില്‍ക്കും..
പ്രിയസഖീ..നിന്‍റെ സ്മരണകള്‍ മാത്രം...

(പ്രിയപ്പെട്ട സുഹൃത്തായ സിമിക്കുട്ടിക്കു വേണ്ടി..... :))

അറിയാതെ...പ്രിയനേ നിന്‍ പൊന്‍മിഴിയില്‍   
തേടുന്നു ഞാന്‍ സ്നേഹോദയം ..

അറിയുന്നു ഞാന്‍ നിന്നെയെന്നും 
അലിയുന്നു ഞാന്‍ നിന്നോര്‍മയില്‍ 
പൂവിതളായി തേന്‍മഴയായി   
സ്വപ്നങ്ങളില്‍ നീയെന്നരികില്‍...

നീയെന്‍റെ ചാരത്തു  വന്നിരുന്നപ്പോഴെന്‍ 
മോഹങ്ങള്‍ മഴയായി പെയ്തൊഴിഞ്ഞു ..
ആയിരം ഇതളുള്ള താമര പോലെ;നിന്‍ 
കണ്ണുകള്‍ കവിത പറഞ്ഞിരുന്നു,
എന്നോട്...........................................
കവിതകള്‍ മാത്രം പറഞ്ഞിരുന്നു....

നീയെന്‍റെ ഹൃദയത്തെ തൊട്ടറിഞ്ഞപ്പോഴെന്‍
സ്വപ്‌നങ്ങള്‍ സത്യമായെന്നറിഞ്ഞു...
ശ്രുതിയിടും ഗന്ധര്‍വ വീണയായി;ഇന്നു നിന്‍ 
മാനസം രഹസ്യങ്ങള്‍ മന്ത്രിച്ചു, 
എന്നോട്........................................
രഹസ്യങ്ങളൊക്കെയും മന്ത്രിച്ചു...

Tuesday, August 10, 2010

നിനക്ക്...


മഞ്ഞു പോലെയോ..ഇളംതെന്നല്‍ പോലെയോ...
എന്നെ പൊതിയുകയാണ്;ഇന്നു നിന്‍റെ സ്നേഹം...
പ്രണയമെന്ന മാസ്മരികലോകത്തെയ്ക്ക് വഴികാട്ടിയായത് 
പ്രണയാര്‍ദ്രമായ  നിന്‍റെ വാക്കുകളാണ്....
എന്‍റെ മനസ്സിന്‍റെ അടിത്തട്ടില്‍ മുന്‍പെന്നോ
നിന്നോടുള്ള സ്നേഹം അലയടിച്ചിരുന്നു...
അന്ന് കല്ലുകളില്‍  തട്ടി അവ തകര്‍ക്കപ്പെട്ടുവെങ്കിലും
ഇന്നു അവ വീണ്ടും ആര്‍ത്തിരമ്പുകയാണ്..
മുത്തായി ചെപ്പിലൊളിപ്പിച്ചു എന്നെ സ്വന്തം-
ഹൃദയത്തോടു ചേര്‍ത്ത നിന്‍റെ ഹൃദയവിശാലതയും
എന്നെന്നും എന്‍റെതെന്നോതി  എന്‍റെ മുടിയിഴകള്‍-
മാടിയൊതുക്കുന്ന നിന്‍റെ കൈവിരലുകളും,
ദുഖത്തിന്‍റെ നേര്‍ത്ത അലകള്‍ ഉയരുമ്പോള്‍
ചേര്‍ത്തു പിടിച്ചു സ്വാന്തനിപ്പിക്കുന്ന നെഞ്ചും
എന്നും എനിക്കായി മാത്രം തുടിച്ചിരുന്നെങ്കില്‍...!!!
നിന്നോടുള്ള എന്‍റെ സ്നേഹത്തില്‍
അര്‍ഹതയില്ലാത്തത്  ആശിക്കുന്നവളുടെ നൊമ്പരമുണ്ടാകാം..
നീയും നിന്‍റെ സ്നേഹവും എനിക്ക് മാത്രം-
എന്ന ശക്തമായ സ്വാര്‍ത്ഥതയുണ്ടാവാം  ...
ഒപ്പം....അടര്‍ത്തിയെടുത്തു മഞ്ഞുപേടകത്തിലാക്കി
എന്‍റെ കൈവെള്ളയില്‍ വച്ചു തന്ന-
നിന്‍റെ ഹൃദയത്തിനോടുള്ള ആദരവും...
നിന്‍റെ കണ്ണുകളില്‍ കാണുന്ന സ്നേഹവും
പുഞ്ചിരിയില്‍ വിടരുന്ന ആഹ്ലാദവും
ഞാന്‍ നിന്‍റെ...നീ എന്‍റെ..... 
എന്നെന്നെ അറിയാതെ ഓര്‍മിപ്പിക്കുന്നു...
നമ്മള്‍ മണ്ണും മഴയും പോലെയാണ്,
എത്ര അകലങ്ങളിലായാലും
മഴയ്ക്ക്‌ മണ്ണിനോട് ചേര്‍ന്നേ മതിയാകൂ..
അതു പോലെ നമ്മളും...
 

സ്മൃതിപഥത്തിലെ മയില്‍പ്പീലിത്തുണ്ടുകള്‍....!!


             കടല്‍ത്തീരത്ത് ആഞ്ഞടിക്കുന്ന തിരമാലകള്‍....സര്‍വ്വം..ശാന്തം...നിലാവെളിച്ചം തഴുകുന്ന മണല്‍ത്തിട്ടകള്‍...അര്‍ദ്ധരാത്രിയോടടുക്കുന്ന ഈ അസമയത്ത് ഏകയായി ഞാനിവിടെ എത്തി...ഓര്‍മകളുടെ കൂമ്പാരം..ചിതലരിച്ച പുസ്തകത്താളുകള്‍ക്കിടയില്‍ ഒരു മയില്‍‌പ്പീലി പോലെ ഞാന്‍ സൂക്ഷിക്കുന്ന നിന്‍റെ ഓര്‍മ്മകള്‍...കാടും പടര്‍പ്പും പന്തലിച്ച മനസിലെ ഒരു മഞ്ഞുതുള്ളി...നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിന് വല്ലാത്ത ഒരു ഭാരമാണ്...കണ്ണുകള്‍ അറിയാതെ ഈറനണിയുന്നു...വിടരും മുന്‍പേ കൊഴിഞ്ഞ പനിനീര്‍ പുഷ്പം..ആ വേദനയില്‍ ഞാന്‍ എരിഞ്ഞില്ലാതാകുന്നത് പോലെ...
                    വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനിവിടെ വീണ്ടും എത്തുന്നത്...നീയില്ലാതെ ഇവിടെ വരുന്ന ആദ്യ ദിനം..ഒരുപക്ഷെ അവസാനത്തേതും...നഗരമധ്യത്തില്‍ വെളിച്ചം വിതറിയ വീഥികളില്‍ കൈ കോര്‍ത്ത്‌ നടക്കുന്നത് നമ്മുടെ പിന്തുടര്‍ച്ചക്കാരാണ്...വേദികളില്‍ ചിലങ്ക കെട്ടിയാടുന്ന അവരിലൂടെ ഞാന്‍ നിന്‍റെ നൂപുരധ്വനികള്‍ വീണ്ടും കേള്‍ക്കുന്നു..വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരുടെ സ്ഥാനത്തു നീയായിരുന്നു..നീ മാത്രം..ഒരു ജന്മം കൊണ്ട് നേടേണ്ടതെല്ലാം  നീ വളരെ ചെറുപ്പത്തില്‍ തന്നെ നേടിയിരുന്നു...അങ്ങ് അകലെ..മേഘത്തിന്‍റെ പഞ്ഞിക്കെട്ടുകള്‍ നിറഞ്ഞ ആ ലോകത്തു നിന്നും നീ കേള്‍ക്കുന്നുണ്ടോ  എന്‍റെ ഉള്‍വിളികള്‍....??എനിക്കറിയില്ല ..പക്ഷേ കേള്‍ക്കുന്നുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം...
                    നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയ നിമിഷം..ഒരേ ക്ലാസ്സിലെന്നു അറിഞ്ഞ നിമിഷം..ഹോസ്റ്റലില്‍ ഒരേ മുറിയിലെന്നു  അറിഞ്ഞ നിമിഷം..കണ്ടമാത്രയില്‍ തന്നെ മനസ്സിലായി നീയൊരു നര്‍ത്തകിയാണെന്ന്..നീളമേറിയ പൊട്ടും..മുട്ടോളമെത്തുന്ന തലമുടിയും...വിടര്‍ന്ന കണ്ണുകളും...നീയൊരു നര്‍ത്തകി മാത്രമായിരുന്നോ.???സാഹിത്യം..സംഗീതം..എല്ലാത്തിലും നീ അഗ്രഗണ്യയായിരുന്നു..പ്രണയത്തിന്‍റെ നനുത്ത മണമുള്ള നിന്‍റെ കവിതകള്‍... നമ്മള്‍ ഒരുമിച്ചു എന്തൊക്കെ ചെയ്തിരിക്കുന്നു..അവയൊക്കെയും വിജയത്തിന്‍റെ പടവുകള്‍ ഓരോന്നായി കടന്നു പോകുന്നത് നമ്മള്‍ ഒരുമിച്ച് കണ്ടു..സന്തോഷിച്ചു...ആ നീയിന്ന്....
                    എന്നില്‍ ഉറങ്ങിക്കിടന്നിരുന്ന സര്‍ഗ്ഗശക്തി  ഉണര്‍ത്തിയത് നീയായിരുന്നു..നിന്‍റെ സാമീപ്യമായിരുന്നു..നിന്‍റെ മാത്രം പ്രോത്സാഹനം കൊണ്ട് ഞാനെഴുതി..ഒന്നാമാതെന്നു വിധികര്‍ത്താക്കള്‍ വിലയിരുത്തി...പ്രിയപ്പെട്ട സുഹൃത്തേ..നിന്‍റെ മുന്നില്‍ ഞാനാരുമല്ല ..ഒന്നുമല്ല....നീയില്ലായിരുന്നെങ്കില്‍ ഞാന്‍...ഞാനാകുമായിരുന്നില്ല....എന്‍റെ മനസ്സില്‍ നീ ചൊരിഞ്ഞത് പനിനീര്‍ ആയിരുന്നു..സ്നേഹത്തിന്‍റെ മണവും കുളിരും ഉള്ള പനിനീര്‍...നിന്നോടുള്ള കടപ്പാട്..ഞാനൊന്നും നിനക്ക് തിരിച്ചു തന്നില്ല...ഒന്നും തന്നെ എന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ലാ എന്നതായിരുന്നു വാസ്തവം..!!ഉള്ളു നിറയെ സ്നേഹം...അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്‍റെ കയ്യില്‍..ജീവിതകാലം മുഴുവന്‍ ആ സ്നേഹം നിനക്ക് തരണം എന്നായിരുന്നു എന്‍റെ മനസ്സില്‍....വിധിയുടെ ക്രൂരത......അത് നമ്മെ എന്നെന്നേയ്ക്കുമായി വേര്‍പിരിച്ചു...
                    മരണത്തിന്‍റെ കറുത്ത നിഴല്‍ നിന്നെ വാരിപ്പുണര്‍ന്നു..എന്നെ തനിച്ചാക്കി നീ പോയി...നമ്മള്‍ വരാറുള്ള ഈ മണല്‍ത്തിട്ട...തിരമാലകള്‍ നോക്കി നമ്മള്‍ അങ്ങനെ ഇരിക്കുമായിരുന്നു.ഒരിക്കലും നിശബ്ദത  കടന്നുവരാത്ത ഇവിടെ വെച്ചായിരുന്നല്ലോ  നമ്മുടെ സ്വപ്‌നങ്ങള്‍ ഭാവനയുടെ നിറച്ചാര്‍ത്തില്‍ മുങ്ങിനിവര്‍ന്നത്‌..കടല്‍കാറ്റേറ്റു പാറിപ്പറക്കുന്ന തലമുടി അലസമായി മാടിയൊതുക്കി വാചാലമായ നിന്‍റെ മുഖം..ഇന്ന്..അതെല്ലാം  വെറും ഓര്‍മ്മകള്‍...ഇന്നിവിടെ ഞാന്‍ മാത്രമായി വന്നപ്പോള്‍ നിശബ്ദത  തളംകെട്ടി നില്‍ക്കുന്നു...ഭീകരമായ നിശബ്ദത മാത്രം...മൂന്നാം വയസ്സില്‍ ചിലങ്ക കെട്ടിയ നിന്‍റെ കാലുകള്‍..പ്രഗത്ഭയായ നര്‍ത്തകിയായ നിനക്ക് ഒരു ചുവടും പിഴച്ചിരുന്നില്ല...നീ എന്‍റെ അഭിമാനമായിരുന്നു..നിന്‍റെ സുഹൃത്തായതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു....സന്തോഷിച്ചിരുന്നു ...
                    പക്ഷേ...നിന്‍റെ ചുവടുകള്‍ പിഴച്ചത് അവന്‍റെ കാര്യത്തില്‍ മാത്രമായിരുന്നു..ശരത്..അവനിന്ന് ആരുടെയോ ഭര്‍ത്താവായിരിക്കാം... പിതാവായിരിക്കാം..നിന്നെ കുറിച്ചുള്ള ഓര്‍മകളുടെ ഒരു കണിക പോലും ആ മനസ്സില്‍ അവശേഷിക്കുന്നുണ്ടാവില്ല..സത്യത്തില്‍ അവനെ ആദ്യം ഇഷ്ടപ്പെട്ടത് ഞാനായിരുന്നു..ചിപ്പിക്കുള്ളിലെ ഒരു മുത്തു പോലെ..
                    ഇരുനിറത്തില്‍ മെലിഞ്ഞു ഉയരമുള്ളവന്‍..എണ്ണ പുരട്ടി ഒതുക്കിവെച്ച ചുരുളന്‍ തലമുടി..നെറ്റിയില്‍ ഇപ്പോഴും നീളന്‍ ചന്ദനക്കുറി..കലാലയത്തിന്‍റെ  പകിട്ടും പ്രൌഡിയും  ഇല്ലാത്ത ഒരു സാധാരണക്കാരന്‍..എന്തു ഭംഗിയായിരുന്നു അവന്‍റെ ചിരിക്ക്...ആര്‍ക്കാണവനെ  ഇഷ്ടപെടാന്‍ കഴിയാത്തത്..??എനിക്കവനെ ജീവനായിരുന്നു..പക്ഷേ നിന്‍റെ മനസ്സില്‍ അവന്‍ സ്ഥാനം പിടിച്ചു എന്നറിഞ്ഞ നിമിഷം ഞാനെല്ലാം മറന്നു...അവനെ ഒരു സുഹൃത്തായി മാത്രം കരുതി..
                   ലാസ്യഭംഗിയാര്‍ന്ന അവന്‍റെ സംസാരം..അതായിരിക്കാം നിന്നെ അവനോടു കൂടുതല്‍ അടുപ്പിച്ചത്...നിങ്ങളുടെ പ്രണയം കലാലയത്തെ പ്രകമ്പനം കൊള്ളിച്ചില്ല...അവന്‍റെ സാമീപ്യം നിന്നെ ആനന്ദിപ്പിച്ചിരുന്നു....നിന്‍റെ  അന്നത്തെ വാക്കുകള്‍..അതെന്‍റെ കാതുകളില്‍ ഇന്നും മുഴങ്ങുന്നു..ഒന്നും മറക്കാവുന്നതല്ലല്ലോ...നീ പറഞ്ഞു..."പുരുഷന്‍..അവന്‍റെ സ്നേഹം..സാമീപ്യം..അതുണ്ടെങ്കിലേ സ്ത്രീയ്ക്ക് പൂര്‍ണതയുള്ളൂ.." നീ എഴുതി,പുരുഷനെ കുറിച്ച്..അവന്‍റെ സ്നേഹത്തെ കുറിച്ച് ..അവന്‍റെ സ്നേഹത്തില്‍ ഉന്മത്തയായ നീ അവനെ വളരെയേറെ പ്രകീര്‍ത്തിച്ചു..ഒരുപക്ഷെ ദൈവത്തെക്കാള്‍..ആ വാക്കുകള്‍ ഇഷ്ടപ്പെടാതെ ഞാന്‍ ചോദിച്ചു,"ദൈവത്തിനു മേലെ അവനെ  അവരോധിക്കണോ" എന്ന്...അതിനു മറുപടിയായി നീയൊന്നു പുഞ്ചിരിച്ചു..അത്ര മാത്രം...പക്ഷേ നിനക്ക് തെറ്റുപറ്റി..നീ ചതിക്കപ്പെട്ടു..ആദ്യം ദൈവം..പിന്നെ അവന്‍...നീ പ്രകീര്‍ത്തിച്ചവന്‍...ഉയരങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിച്ച നിന്‍റെ ചിറകുകള്‍ തിരിച്ചെടുത്തു ദൈവം നിന്നെ ആദ്യം കൈവിട്ടു...
                     പരീക്ഷയുടെ തിരക്കിനിടയിലെ ഒരു ചെറിയ പനി..അസ്വസ്ഥത..നീയത് പൂര്‍ണമായും അവഗണിച്ചു..പക്ഷേ അതൊരു മാറാരോഗത്തിന്‍റെ സൂചനയാണെന്ന് മനസ്സിലാക്കാന്‍  കഴിഞ്ഞില്ല.....മനസ്സിലാക്കിയപ്പോഴേയ്ക്കും..ഏറെ താമസിച്ചു പോയിരുന്നു...അവസാന പരീക്ഷയ്ക്ക് ശേഷം ഹോസ്റ്റലിലേയ്ക്ക്  മടങ്ങവേ എന്‍റെ കൈകളില്‍ തളര്‍ന്നു വീണ നീ...ഞാന്‍ അറിയിച്ചതനുസരിച്ച് എത്തിയ നിന്‍റെ അമ്മയും ഏട്ടന്മാരും...പരിശോധനകള്‍ക്ക് ശേഷം നിന്നെ ആര്‍.സി.സിയില്‍ കൊണ്ടു പോകാന്‍ ഡോക്ടര്‍ പറഞ്ഞു എന്നറിഞ്ഞ ഞാന്‍ അനുഭവിച്ച വേദന...നിന്നെ മരണത്തിന്‍റെ കരാളഹസ്തങ്ങളില്‍ നിന്നു രക്ഷിക്കാന്‍ കഴിയില്ല എന്നറിഞ്ഞ ഞാന്‍ തളര്‍ന്നു..പൂര്‍ണമായും തളര്‍ന്നു...ദിനരാത്രങ്ങള്‍ ആശുപത്രിയില്‍ ചിലവഴിച്ച നിന്നെ സമാധാനിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു..ആസന്നമായിക്കൊണ്ടിരിക്കുന്ന മരണം കാത്തിരിക്കുന്ന നിന്നെ.........ഇല്ലാ..ഞാനനുവദിക്കില്ല...അതിനും മാത്രം അപരാധം ഒന്നും നീ ചെയ്തിട്ടില്ലല്ലോ.....അവളെ രക്ഷിക്കാന്‍ ഒരു ദൈവത്തിനും കഴിയില്ലേ..എന്ന ചോദ്യം എന്‍റെ മനസ്സില്‍ അലയടിച്ചു...ഇല്ലാ...നീ രക്ഷപ്പെടും..നടനവേദികള്‍ നിനക്കായി കാത്തിരിക്കുമ്പോള്‍ അതൊക്കെ വിട്ടെറിഞ്ഞ്‌ നിനക്കെങ്ങനെ പോകാന്‍ കഴിയും??നിനക്കതിനു കഴിയില്ല...അടിയുറച്ച ആത്മവിശ്വാസം എന്നില്‍ കത്തിജ്വലിച്ചു..അണയാന്‍ പോകുന്ന തിരി ആളിക്കത്തുമെന്ന് അപ്പോള്‍ ഞാന്‍ ഓര്‍ത്തില്ല...
                    നിന്‍റെ ഈ അവസ്ഥയില്‍ പരിതപിക്കാന്‍ നമ്മുടെ സഹപാഠികള്‍ എല്ലാവരും വന്നിരുന്നു...പക്ഷേ അക്കൂട്ടത്തില്‍ ഒരിക്കല്‍ പോലും അവനെ കണ്ടില്ല....നിന്‍റെ പ്രിയതമന്‍...നീ വാഴ്ത്തിയവന്‍...ശരത്..ഒരിക്കലെങ്കിലും നിന്നെ വന്നൊന്നു കാണാന്‍ ഞാനവനോട് അപേക്ഷിച്ചു....നിര്‍വികാരമായിരുന്നു അവന്‍റെ മുഖം..കുറേ ഏറെ കേണു പറഞ്ഞപ്പോള്‍ അവന്‍ പറയുകയാണ്‌..ഈ അവസ്ഥയില്‍ നിന്നെ വന്നു കാണാനുള്ള ശക്തി അവനില്ലെന്നു...അതു പറയുമ്പോള്‍ പക്ഷേ..അവന്‍റെ കണ്ണ് ഒരിക്കല്‍ പോലും നനഞ്ഞിരുന്നില്ല...എങ്ങനെയെങ്കിലും എന്നെ ഒഴിവാക്കിയാല്‍ മതി എന്നുള്ള ഭാവമായിരുന്നു അവന്...എന്നില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള വ്യഗ്രതയായിരുന്നു അവന്...എല്ലാം കാപട്യം നിറഞ്ഞ ചെയ്തികള്‍....ഞാനെത്ര പറഞ്ഞിട്ടും അവന്‍ വരാന്‍ കൂട്ടാക്കിയില്ല....ആവുന്നത്ര ഞാന്‍ ശ്രമിച്ചു...യാചിക്കാനല്ലേ കഴിയു...ആജ്ഞാപിക്കാന്‍ കഴിയില്ലല്ലോ...ഞാനതൊന്നും അന്ന് നിന്നോട് പറഞ്ഞിരുന്നില്ല....കാരണം അപ്പോഴും  നിന്‍റെ മനസ്സില്‍ അവനായിരുന്നു..അവനോടുള്ള വിശ്വാസമായിരുന്നു...
                    അവനിപ്പോള്‍ ഒരു നിഷ്കളങ്കന്‍റെ ഭാവമല്ല....നഗരത്തിന്‍റെ പാച്ചിലില്‍ അവന്‍ ആകെ മാറിയിരിക്കുന്നു...നിനക്ക് പകരം മറ്റൊരുവള്‍..എന്തിനേറെ പറയുന്നു..നിന്നെ ആകര്‍ഷിച്ച ആ ലാസ്യഭംഗിയാര്‍ന്ന സംസാരശൈലി വരെ മാറിയിരിക്കുന്നു..മാറ്റത്തിന്‍റെ ലഹരിയില്‍ എല്ലാം മറക്കുന്നവന്‍...സ്വന്തം ഇഷ്ടത്തിനു കളം മാറ്റി ചവിട്ടുന്ന ആ വൈഭവം..അവന്‍ നിന്നെ വഞ്ചിച്ചിരിക്കുന്നു..നീ പൂജിച്ചവന്‍..
                    ജീവിക്കാന്‍ മറ്റുള്ളവരുടെ രക്തം ആവശ്യമായിരുന്ന നിനക്ക് സ്വന്തം ശരീരത്തില്‍ നിന്നും രക്തം നല്‍കാന്‍ സമ്മതിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം..എണ്ണാന്‍ കഴിയാത്ത അത്ര സുഹൃത്തുക്കള്‍  ഉണ്ടായിരുന്ന നിനക്കാണ് ഈ വിധിയെന്ന് ഓര്‍ക്കുമ്പോള്‍..ആശംസയും യാത്രാമൊഴിയും കൂട്ടിക്കലര്‍ത്തിയ വാക്കുകള്‍ മാത്രമാണോ സൗഹൃദം..??ആത്മാര്‍ത്ഥതയില്ലാത്ത    സുഹൃത്തുക്കളേക്കാള്‍ നല്ലത് ശത്രുക്കള്‍ തന്നെയാണ്..എന്തിനിങ്ങനെ സുഹൃത്തുക്കള്‍....???
                    മരണം ഉറപ്പാക്കിയ നിമിഷത്തിലായിരിക്കണം നീയെന്നോട്‌ അക്കാര്യം ആവശ്യപ്പെട്ടത്....അവനെ...നിന്‍റെ ശരത്തിനെ ഒന്നു കാണണമെന്ന്...നടക്കില്ല എന്ന് ഉറപ്പായിരുന്നിട്ടും നിനക്ക് വേണ്ടി ഞാന്‍ ആശുപത്രി വിട്ട്‌ ഇറങ്ങി..അവനെ തിരക്കി ഞാന്‍ ഏറെ അലഞ്ഞു..ഒടുവില്‍ അവന്‍റെ പുതിയ കാമുകിയോടൊപ്പം അവനെ കണ്ടെത്തി..മാറ്റിനിര്‍ത്തി കാര്യം പറഞ്ഞപ്പോള്‍ പതിവ് പോലെ അവന്‍റെ മുഖം നിര്‍വികാരമായിരുന്നു..ആ ചുണ്ടുകള്‍ പുച്ഛത്താല്‍ വക്രിച്ചു..നിന്‍റെ ആഗ്രഹം സഫലമാകണം എന്ന മോഹത്തോടെ നിന്ന എന്നെ അവജ്ഞയോടെ ഒന്നു നോക്കിയിട്ട് അവന്‍ പോയി..
                    രാത്രി വൈകി ആശുപത്രിയില്‍ എത്തിയ ഞാന്‍ കണ്ടത് ഒഴിഞ്ഞ കിടക്കയാണ്..ഞെട്ടിക്കുന്ന ആ സത്യം ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല...നീയില്ലാത്ത ഈ ലോകത്തെ കുറിച്ച്  ചിന്തിക്കാന്‍ പോലും ഞാന്‍ അശക്തയായിരുന്നു..വിധിയുടെ ക്രൂരത..അവസാന നിമിഷം നിന്നോടൊത്തു നില്‍ക്കാന്‍ പോലും...എനിക്ക്....
                    നിന്‍റെ നാട്ടില്‍ എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു...ആ ഒരു ദിവസം നിന്‍റെ വീട്ടില്‍ തങ്ങി..പ്രിയപ്പെട്ടവളെ....നിന്‍റെ ചിതയെരിഞ്ഞമരുന്നത് ഞാന്‍ കണ്ടു...നിന്‍റെ  ശരീരം...സുന്ദരമായിരുന്ന ആ ശരീരം കത്തിയമരുന്ന ഗന്ധം...എന്‍റെ തലച്ചോറില്‍ പുഴുക്കള്‍ അരിക്കുന്നത് പോലെ...അഗ്നി കത്തിയത് എന്‍റെ ഉള്ളിലായിരുന്നു..ആ ചൂട് എന്‍റെ ഹൃദയത്തിലായിരുന്നു...അവസാന നിമിഷം നീ എന്നെ ചോദിച്ചു എന്നും എന്നെ കാണണം എന്ന് ആവശ്യപ്പെട്ടു എന്നും നിന്‍റെ അമ്മ പറഞ്ഞറിഞ്ഞപ്പോള്‍..പൊട്ടിക്കരയാനേ എനിക്ക് കഴിഞ്ഞുള്ളൂ...
                    അന്ന്...രാത്രിയേറെ കഴിഞ്ഞപ്പോള്‍...തൊട്ടടുത്ത മുറിയില്‍ അടക്കം പറച്ചിലുകളും മദ്യത്തിന്‍റെ ഗന്ധവും..അതെന്നെ അസ്വസ്ഥയാക്കി..ഒപ്പം  ചെറിയ ചിരിയുടെ അലകളും കൂടി ഒഴുകി എത്തിയപ്പോള്‍ മനസ്സിലായി നിന്‍റെ ഏട്ടന്മാര്‍ ദുഃഖം പങ്കു വെയ്ക്കുകയല്ല..പകരം ആഘോഷിക്കുകയാണെന്ന്..നാലായി പിരിക്കേണ്ടതു  ഇനി മൂന്നായി പിരിച്ചാല്‍ മതിയല്ലോ എന്ന ഗൂഡമായ ആഹ്ലാദം...കാപട്യം നിറഞ്ഞ ലോകം..വൃത്തികെട്ട മനസ്സുമായി അലഞ്ഞു തിരിയുന്ന മനുഷ്യക്കോലങ്ങള്‍...വയ്യ..മടുത്തു....അമ്മയോടു  മാത്രം യാത്ര പറഞ്ഞ്‌ പിറ്റേന്ന് രാവിലെ ഞാനവിടെ നിന്നും ഇറങ്ങി..
                    നീ എന്നില്‍ ഉണര്‍ത്തിയ സര്‍ഗ്ഗശക്തിയുമായി ഞാനിന്നും ജീവിക്കുന്നു...സൌഹൃദം വിഷയമാകുന്ന എന്‍റെ കഥകളിലെല്ലാം ദുഖത്തിന്‍റെ നേര്‍ത്ത അലകള്‍ അടങ്ങിയിരിക്കുന്നു എന്ന് ആരാധകര്‍ പറയുമ്പോഴും അതിനു കാരണം നീയാണെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല....
                    ഇന്നീ മണല്‍ത്തിട്ടയില്‍..കടല്‍കാറ്റേറ്റു നില്‍ക്കുമ്പോഴും ഞാന്‍ നിന്നെ കുറിച്ച് ഓര്‍ക്കുകയാണ്..നിന്നെ കുറിച്ച് മാത്രം...ആശുപത്രിയില്‍ നിന്നെ അവസാനമായി കണ്ട നിമിഷം..ഒരിക്കലും മാഞ്ഞു പോകാത്ത ശോകപൂര്‍ണമായ  ഒരു എണ്ണച്ഛായാചിത്രം പോലെ അതിന്നും എന്‍റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു...
                    ആശുപത്രിയിലെ ഇരുമ്പുകട്ടിലില്‍ മെലിഞ്ഞു കരുവാളിച്ച നിന്‍റെ രൂപം..കരഞ്ഞു വീര്‍ത്ത കണ്ണുകളുമായി അരികില്‍ അമ്മ..അക്ഷമയും വെറുപ്പും നിറഞ്ഞ മുഖവുമായി ഏട്ടന്മാര്‍..സുന്ദരമായ നിന്‍റെ ശരീരം അപ്പോള്‍ ചുള്ളിക്കമ്പു പോലെ ആയി തീര്‍ന്നിരുന്നു..കണ്ണുകള്‍ കുഴിഞ്ഞ്..ചൈതന്യമാര്‍ന്ന കണ്ണുകള്‍ നിര്‍ജീവമായി മാറിയിരുന്നു...തലമുടി കൊഴിഞ്ഞ്..വെണ്മയാര്‍ന്ന  പല്ലുകള്‍ കറുത്ത്‌...ചിലങ്ക കെട്ടി നൃത്തവേദികള്‍ കീഴടക്കിയിരുന്ന ആ കാലുകള്‍ തോലു പൊതിഞ്ഞ വെറും അസ്ഥികഷ്ണങ്ങള്‍  പോലെ.....ഹോ..ഓര്‍ക്കാന്‍ പോലും...എനിക്ക്.....
                    പ്രിയ സുഹൃത്തേ...ഞാന്‍ മടങ്ങുകയാണ്..ദുഖസാന്ദ്രമായ നിന്‍റെ സ്മരണകള്‍ തിരതല്ലുന്ന ഈ തീരത്തു നിന്നും...ഞാന്‍ വിട പറയുകയാണ്‌,നമ്മള്‍ ഒത്തൊരുമിച്ച് കഥകള്‍ പറഞ്ഞിരുന്ന..സ്വപ്‌നങ്ങള്‍ കണ്ടിരുന്ന...ഈ മണല്‍ത്തിട്ടയില്‍ നിന്നും....എന്‍റെ ഓര്‍മയില്‍..ഒരു തിളങ്ങുന്ന മയില്‍‌പ്പീലി പോലെ നീയെന്നും ഉണ്ടാകും..എന്‍റെ മനസ്സിലെന്നും..എന്നെന്നും നീയുണ്ടാകും...പ്രിയപ്പെട്ടവളെ,ഒരിക്കലും മായാതെ...മറയാതെ...നഷ്ടപ്പെടാതെ..ഒരു മയില്‍പ്പീലിയായി നിന്‍റെ സ്മരണകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് ആത്മവ്യഥയോടെ  ഞാന്‍ മടങ്ങുകയാണ്..ഈ തീരത്തു നിന്നും..എന്നെന്നേയ്ക്കുമായി....