About Me

My photo
എന്നെ കുറിച്ച് എന്ത് പറയാന്‍...ഞാന്‍ ഈ ലോകത്തെ വെറുമൊരു കണിക.... വികാരങ്ങളും വിചാരങ്ങളും എല്ലാം ഉള്ള ഒരു സാധാരണ മനുഷ്യജീവി... പ്രണയത്തെ പ്രണയിക്കുന്ന..കണ്ണുനീരിനെ സ്നേഹിക്കുന്ന....പിന്നെ ചില ഒറ്റപ്പെടലുകളെ ഇഷ്ടപ്പെടുന്ന...സൗഹൃദങ്ങളെ വില മതിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി...ഈ ലോകത്തിലെ എല്ലാവരുടെയും മുഖത്ത് സന്തോഷം കാണാന്‍ ആഗ്രഹിക്കുന്ന..ഒരല്പം സ്വപ്നജീവി ആയ ഒരു പെണ്‍കുട്ടി..അതാണ്‌ ഞാന്‍..നിങ്ങളുടെ സ്വന്തം മിന്നൂസ്...

Sunday, August 8, 2010

സ്വപ്നങ്ങളുടെ പുനര്‍ജനിയില്‍ ഒരു വേഴാമ്പലാകാന്‍.....!!


                    മഴയുടെ ചിലമ്പിച്ച സ്വരം കാതില്‍ വീണപ്പോള്‍ അവന്‍റെ മനസ്സില്‍ സുഖകരമായ ഓര്‍മ്മകള്‍ തിങ്ങി നിറയുകയായിരുന്നു....അവന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചതും അതൊരു പഞ്ചവര്‍ണ്ണക്കിളിയെ പോലെ പറന്നുയര്‍ന്നു നീലാകാശത്തില്‍ വിഹരിക്കാന്‍ തുടങ്ങിയതും എല്ലാമൊരു മഴക്കാലത്തായിരുന്നല്ലോ....ജനലഴികള്‍ക്കിടയിലൂടെ ആ മഴ ആസ്വദിച്ചു കൊണ്ടു നില്‍ക്കവേ അവന്‍റെ മനസ്സില്‍ ഒരു നനുത്ത തൂവല്‍സ്പര്‍ശം പോലെ ചില ഓര്‍മ്മകള്‍ കടന്നു വന്നു....
                    ആദ്യമായി കോളേജില്‍ എത്തിയ നാള്‍...പരിചയക്കാരായി ആരുമില്ല...വിരസമായി ചില ദിവസങ്ങള്‍ കടന്നു പോയി...അങ്ങനെയിരിക്കെ....ഒരു മഴസമയത്ത്,മഴത്തുള്ളികള്‍ ഉതിരുന്നത്‌ പോലെയുള്ള ഒരു ചിരി കേട്ടാണ് അവന്‍ നോക്കിയത്...പിന്നെയവന്‍ അവളെ ശ്രദ്ധിച്ചു തുടങ്ങി...ക്ലാസിലെ മറ്റു പെണ്‍കുട്ടികളില്‍  നിന്നും വേറിട്ടൊരു പ്രത്യേകത അവളില്‍ ഉണ്ടെന്നു അവനു തോന്നി..ഇടയ്ക്കെപ്പഴോ അവളും അവനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു....
                    അലസമായി നടന്നിരുന്ന ഏതോ ഒരു ക്ലാസ്സില്‍ വെച്ച്  അവരുടെ കണ്ണുകള്‍ പരസ്പരം ഇടഞ്ഞു...പിന്നെയത് പലതവണ ആവര്‍ത്തിച്ചു....പരസ്പരം കാണുമ്പോള്‍ പുഞ്ചിരിക്കുക പതിവായി മാറി....അവന്‍റെ ക്യംപസ് ജീവിതത്തിനു പുതിയ അര്‍ത്ഥങ്ങളുണ്ടായി..വിരസമായി തോന്നിയിരുന ക്ലാസുകള്‍ അവനു അവളുടെ സാമീപ്യത്താല്‍ ഹരമായി...
                    വീണ്ടും ചില മാസങ്ങള്‍ കടന്നു പോയി....വേനലായി..വേനല്‍ മാറി മഴക്കാലമായി...വസന്തമായി...വീണ്ടും വേനലായി...അവളോടുള്ള സ്നേഹം തീവ്രമാണെന്നു അവനു മനസ്സിലായത് അകന്നിരുന്നപ്പോഴാണ്..ഒന്ന് കാണാതിരുന്നപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നിയിരുന്നു..ആ സാമീപ്യം നഷ്ടമാകുന്നത് അവനു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല...അവന്‍ അവനു വേണ്ടി മാത്രമല്ല ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വീശുന്ന കാറ്റിലും ചാഞ്ചാടുന്ന വൃക്ഷലതാദികളിലും അവന്‍ അവളുടെ ചൈതന്യം ദര്‍ശിച്ചു തുടങ്ങി...
                    പിന്നെയും അവളെ കാണാന്‍ തുടങ്ങിയപ്പോള്‍ അവന്‍റെ മനസ്സില്‍ ആഹ്ലാദക്കടല്‍ ആര്‍ത്തിരമ്പുകയായിരുന്നു...അവര്‍ ഒന്നും മിണ്ടിയിരുന്നില്ലെങ്കിലും കണ്ണുകള്‍ വാചാലമായി സംസാരിച്ചിരുന്നു...അവനെ കാണുമ്പോള്‍ അവളുടെ അധരങ്ങളില്‍ വിടരുന്ന മന്ദഹാസത്തിനു അവനോടെന്തോ പറയാനുള്ള വെമ്പല്‍ പ്രകടമായിരുന്നു...അവളുടെ കണ്ണുകളില്‍ കാണുന്ന തിളക്കത്തിന് അവന്‍ അവളോടെന്തെങ്കിലും പറയും എന്നുള്ള പ്രതീക്ഷയുടെ പുതുനാമ്പുകളായിരുന്നു....
                    രാത്രികാലങ്ങളില്‍ അവന്‍റെ സ്വപ്നങ്ങളില്‍ വിരുന്നുകാരിയായി അവളെത്തി...പരിശുദ്ധിയുടെ പര്യായമായ,പരിപാവനമായ സ്വപ്‌നങ്ങള്‍....കാത്തുസൂക്ഷിച്ച കുരുന്നു മോഹങ്ങളുടെ സംഗമം..മനസ്സിന്‍റെ ലോലമായ തന്ത്രികളില്‍ വിരലോടിച്ചു കൊണ്ട് മന്ദ്രമധുരമായ വാക്കുകളാല്‍ അവള്‍ പാടുകയായിരുന്നു,അവന്‍റെ സ്വപ്നങ്ങളില്‍...വീണ്ടും നാളുകളേറെ കഴിഞ്ഞു....വേനലും ശൈത്യവും വസന്തവും മാറി മാറി വന്നു....എന്നിട്ടും..അവരിന്നും പഴയത് പോലെ മാത്രം..പലതവണ അവലോടെല്ലാം തുറന്നു പറയാന്‍ അവന്‍ തയാറായതാണ്...പക്ഷേ...അവളുടെ മുന്നില്‍ അവനു വാക്കുകള്‍ കിട്ടാത്തതു പോലെ...
                    വീശിയടിക്കുന്ന കാറ്റില്‍ മഴത്തുള്ളികള്‍ മുഖത്തു വീണപ്പോള്‍ അവന്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു...അവന്‍ ഓര്‍ത്തു..നീണ്ട മൂന്നു വര്‍ഷം എത്ര വേഗമാണ് കടന്നു പോയത്..ഇന്നോട് കൂടി ക്ലാസുകള്‍ അവസാനിക്കുന്നു..രണ്ടു മാസത്തെ സ്റ്റഡി ലീവിനും പരീക്ഷകള്‍ക്കും ശേഷം അവളെ ഇന്ന് കാണുമ്പോള്‍ എല്ലാമെല്ലാം തുറന്നു പറയണം...അതോര്‍ത്തപ്പോള്‍ അവന്‍റെ മനസ്സില്‍ പുതുമഴ പെയ്ത പ്രതീതിയായിരുന്നു...
                    സന്ധ്യകളില്‍ രാത്രി പകലിനോടടക്കം പറയുമ്പോള്‍ മനസ്സ് മോഹങ്ങളാല്‍ പൂത്തുലയുന്നു..നാണം പൂണ്ട സന്ധ്യയുടെ കവിളില്‍ തട്ടി അസ്തമിക്കുന്ന സൂര്യനോട് അവന്‍റെ മനസ്സിന് ഒരേ ഒരു ചോദ്യമേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ.."അവള്‍ക്കെന്നോടും എനിക്കവളോടും ഉള്ള സ്നേഹത്തിന്‍റെ  ആഴം അളക്കാനാവുമോ??" കാലത്തിനു മായ്ക്കാന്‍ കഴിയാത്ത കാലടിപ്പാടുകള്‍ തിരഞ്ഞു കൊണ്ട് പുറകോട്ടു പോകവേ തീനാളം പോലെ ശോഭിക്കുന്ന പ്രണയാതുരമായ ഏതോ ഒരു ശക്തി അവനെ മുന്നോട്ടു നയിക്കുന്നതായി അവനു തോന്നി...
                    കോളേജിലെ അവസാന ദിനം...എല്ലാവരും സെന്‍റ് ഓഫിന്‍റെ  തിരക്കിലാണ്....ആ ബഹളത്തിലും ഒരു ശോകഭാവം എല്ലാവരുടെയും മുഖത്ത്‌ പ്രകടമായിരുന്നു..സങ്കടം കലര്‍ന്ന തമാശകള്‍ ...ദുഖത്തിന്‍റെ നുറുങ്ങുകള്‍... എല്ലാ മരച്ചുവട്ടിലും വേദനയുടെ അലകള്‍...പരിഭവങ്ങള്‍..ഇണക്കങ്ങള്‍...അവിടെയൊന്നും അവന്‍ അവളെ കണ്ടില്ല..പടിക്കെട്ടിന്‍റെ താഴെ  എത്തിയപ്പോള്‍....അവന്‍ കണ്ടു ,മുകളില്‍ അവള്‍...അവന്‍റെ അടുത്തെത്തിയപ്പോള്‍ അവള്‍ നിന്നു..അവനൊന്നു പുഞ്ചിരിച്ചപ്പോള്‍  പതിവിനു വിപരീതമായി അവള്‍ ചിരിച്ചില്ല...അവനെന്തോ പറയാന്‍ തുടങ്ങിയപ്പോഴേയ്ക്കും അവള്‍ ബാഗില്‍ നിന്നും ഒരു കവറെടുത്ത് അവന്‍റെ നേരെ നീട്ടി...അതൊരു വിവാഹ ക്ഷണക്കത്തായിരുന്നു..വധുവിന്‍റെ സ്ഥാനത്ത് അവളുടെ പേരും....!!!
                    ഒന്നേ നോക്കിയുള്ളൂ.. നിറകണ്ണുകളോടെ അവന്‍ മുഖമുയര്‍ത്തിയപ്പോഴേക്കും അവള്‍ നടന്നു തുടങ്ങിയിരുന്നു...പെട്ടെന്ന്  അവനോടി അവളുടെ മുന്നില്‍ ചെന്നു..എന്നിട്ട് പറഞ്ഞു.."എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍.." മറുപടിയായി നന്ദി എന്ന അര്‍ത്ഥത്തില്‍ അവള്‍ ഒന്നു തലയാട്ടി..അവളുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു...അവള്‍ വീണ്ടും നടന്നു തുടങ്ങി...കണ്ണില്‍ നിന്നും മറയുന്നത് വരെ അവന്‍ അവളെ നോക്കിനിന്നു..എന്നിട്ട് നഷ്ടസ്വപ്നങ്ങളുടെ ഭാണ്ഡവും മനസ്സില്‍ ചുമന്നു അവനും തിരികെ നടന്നു...

അപ്പോഴേയ്ക്കും തീരങ്ങളില്‍ ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ പോലെ അവന്‍റെ മനസ്സും അലറിക്കരഞ്ഞു തുടങ്ങിയിരുന്നു....പെട്ടെന്ന് ഒരു മഴ പെയ്തു....അവന്‍റെ അഗ്നിച്ചൂടുള്ള മോഹങ്ങളെ തണുപ്പിക്കാനെന്ന പോലെ.....അവനോര്‍ത്തു,ഈ മൌനാനുരാഗം കൊണ്ട് എന്തു നേടി...??അവന്‍ പിന്നെയും മുന്നോട്ടു നടന്നു..മോഹങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ആഗ്രഹിച്ച്..സ്വപ്നങ്ങളില്‍ നിന്നും കര കയറാന്‍ ശ്രമിച്ച്...കാത്തുകാത്തിരുന്ന സ്വപ്നങ്ങളുടെ പുനര്‍ജനിയില്‍ ഒരു വേഴാമ്പലാകാന്‍ കൊതിച്ച്......

4 comments:

 1. This is a good way to post all of your quotes and to prove ur talent...All the best my sweet sister....And iam sure this will spread all over the world...My prayers

  By
  Simi

  ReplyDelete
 2. comments okkey edunnundu ethu onnu vishadamay vaayichittu tto.....

  ReplyDelete
 3. ഹൃദയം നിറഞ്ഞ നന്ദി....ഒത്തിരി സന്തോഷം ഉണ്ട്ട്ടോ....!!!
  സഹകരിക്കുക...പ്രോത്സാഹിപ്പിക്കുക...സ്നേഹിക്കുക........

  ReplyDelete