About Me

My photo
എന്നെ കുറിച്ച് എന്ത് പറയാന്‍...ഞാന്‍ ഈ ലോകത്തെ വെറുമൊരു കണിക.... വികാരങ്ങളും വിചാരങ്ങളും എല്ലാം ഉള്ള ഒരു സാധാരണ മനുഷ്യജീവി... പ്രണയത്തെ പ്രണയിക്കുന്ന..കണ്ണുനീരിനെ സ്നേഹിക്കുന്ന....പിന്നെ ചില ഒറ്റപ്പെടലുകളെ ഇഷ്ടപ്പെടുന്ന...സൗഹൃദങ്ങളെ വില മതിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി...ഈ ലോകത്തിലെ എല്ലാവരുടെയും മുഖത്ത് സന്തോഷം കാണാന്‍ ആഗ്രഹിക്കുന്ന..ഒരല്പം സ്വപ്നജീവി ആയ ഒരു പെണ്‍കുട്ടി..അതാണ്‌ ഞാന്‍..നിങ്ങളുടെ സ്വന്തം മിന്നൂസ്...

Tuesday, August 10, 2010

സ്മൃതിപഥത്തിലെ മയില്‍പ്പീലിത്തുണ്ടുകള്‍....!!


             കടല്‍ത്തീരത്ത് ആഞ്ഞടിക്കുന്ന തിരമാലകള്‍....സര്‍വ്വം..ശാന്തം...നിലാവെളിച്ചം തഴുകുന്ന മണല്‍ത്തിട്ടകള്‍...അര്‍ദ്ധരാത്രിയോടടുക്കുന്ന ഈ അസമയത്ത് ഏകയായി ഞാനിവിടെ എത്തി...ഓര്‍മകളുടെ കൂമ്പാരം..ചിതലരിച്ച പുസ്തകത്താളുകള്‍ക്കിടയില്‍ ഒരു മയില്‍‌പ്പീലി പോലെ ഞാന്‍ സൂക്ഷിക്കുന്ന നിന്‍റെ ഓര്‍മ്മകള്‍...കാടും പടര്‍പ്പും പന്തലിച്ച മനസിലെ ഒരു മഞ്ഞുതുള്ളി...നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സിന് വല്ലാത്ത ഒരു ഭാരമാണ്...കണ്ണുകള്‍ അറിയാതെ ഈറനണിയുന്നു...വിടരും മുന്‍പേ കൊഴിഞ്ഞ പനിനീര്‍ പുഷ്പം..ആ വേദനയില്‍ ഞാന്‍ എരിഞ്ഞില്ലാതാകുന്നത് പോലെ...
                    വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാനിവിടെ വീണ്ടും എത്തുന്നത്...നീയില്ലാതെ ഇവിടെ വരുന്ന ആദ്യ ദിനം..ഒരുപക്ഷെ അവസാനത്തേതും...നഗരമധ്യത്തില്‍ വെളിച്ചം വിതറിയ വീഥികളില്‍ കൈ കോര്‍ത്ത്‌ നടക്കുന്നത് നമ്മുടെ പിന്തുടര്‍ച്ചക്കാരാണ്...വേദികളില്‍ ചിലങ്ക കെട്ടിയാടുന്ന അവരിലൂടെ ഞാന്‍ നിന്‍റെ നൂപുരധ്വനികള്‍ വീണ്ടും കേള്‍ക്കുന്നു..വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരുടെ സ്ഥാനത്തു നീയായിരുന്നു..നീ മാത്രം..ഒരു ജന്മം കൊണ്ട് നേടേണ്ടതെല്ലാം  നീ വളരെ ചെറുപ്പത്തില്‍ തന്നെ നേടിയിരുന്നു...അങ്ങ് അകലെ..മേഘത്തിന്‍റെ പഞ്ഞിക്കെട്ടുകള്‍ നിറഞ്ഞ ആ ലോകത്തു നിന്നും നീ കേള്‍ക്കുന്നുണ്ടോ  എന്‍റെ ഉള്‍വിളികള്‍....??എനിക്കറിയില്ല ..പക്ഷേ കേള്‍ക്കുന്നുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം...
                    നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയ നിമിഷം..ഒരേ ക്ലാസ്സിലെന്നു അറിഞ്ഞ നിമിഷം..ഹോസ്റ്റലില്‍ ഒരേ മുറിയിലെന്നു  അറിഞ്ഞ നിമിഷം..കണ്ടമാത്രയില്‍ തന്നെ മനസ്സിലായി നീയൊരു നര്‍ത്തകിയാണെന്ന്..നീളമേറിയ പൊട്ടും..മുട്ടോളമെത്തുന്ന തലമുടിയും...വിടര്‍ന്ന കണ്ണുകളും...നീയൊരു നര്‍ത്തകി മാത്രമായിരുന്നോ.???സാഹിത്യം..സംഗീതം..എല്ലാത്തിലും നീ അഗ്രഗണ്യയായിരുന്നു..പ്രണയത്തിന്‍റെ നനുത്ത മണമുള്ള നിന്‍റെ കവിതകള്‍... നമ്മള്‍ ഒരുമിച്ചു എന്തൊക്കെ ചെയ്തിരിക്കുന്നു..അവയൊക്കെയും വിജയത്തിന്‍റെ പടവുകള്‍ ഓരോന്നായി കടന്നു പോകുന്നത് നമ്മള്‍ ഒരുമിച്ച് കണ്ടു..സന്തോഷിച്ചു...ആ നീയിന്ന്....
                    എന്നില്‍ ഉറങ്ങിക്കിടന്നിരുന്ന സര്‍ഗ്ഗശക്തി  ഉണര്‍ത്തിയത് നീയായിരുന്നു..നിന്‍റെ സാമീപ്യമായിരുന്നു..നിന്‍റെ മാത്രം പ്രോത്സാഹനം കൊണ്ട് ഞാനെഴുതി..ഒന്നാമാതെന്നു വിധികര്‍ത്താക്കള്‍ വിലയിരുത്തി...പ്രിയപ്പെട്ട സുഹൃത്തേ..നിന്‍റെ മുന്നില്‍ ഞാനാരുമല്ല ..ഒന്നുമല്ല....നീയില്ലായിരുന്നെങ്കില്‍ ഞാന്‍...ഞാനാകുമായിരുന്നില്ല....എന്‍റെ മനസ്സില്‍ നീ ചൊരിഞ്ഞത് പനിനീര്‍ ആയിരുന്നു..സ്നേഹത്തിന്‍റെ മണവും കുളിരും ഉള്ള പനിനീര്‍...നിന്നോടുള്ള കടപ്പാട്..ഞാനൊന്നും നിനക്ക് തിരിച്ചു തന്നില്ല...ഒന്നും തന്നെ എന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ലാ എന്നതായിരുന്നു വാസ്തവം..!!ഉള്ളു നിറയെ സ്നേഹം...അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്‍റെ കയ്യില്‍..ജീവിതകാലം മുഴുവന്‍ ആ സ്നേഹം നിനക്ക് തരണം എന്നായിരുന്നു എന്‍റെ മനസ്സില്‍....വിധിയുടെ ക്രൂരത......അത് നമ്മെ എന്നെന്നേയ്ക്കുമായി വേര്‍പിരിച്ചു...
                    മരണത്തിന്‍റെ കറുത്ത നിഴല്‍ നിന്നെ വാരിപ്പുണര്‍ന്നു..എന്നെ തനിച്ചാക്കി നീ പോയി...നമ്മള്‍ വരാറുള്ള ഈ മണല്‍ത്തിട്ട...തിരമാലകള്‍ നോക്കി നമ്മള്‍ അങ്ങനെ ഇരിക്കുമായിരുന്നു.ഒരിക്കലും നിശബ്ദത  കടന്നുവരാത്ത ഇവിടെ വെച്ചായിരുന്നല്ലോ  നമ്മുടെ സ്വപ്‌നങ്ങള്‍ ഭാവനയുടെ നിറച്ചാര്‍ത്തില്‍ മുങ്ങിനിവര്‍ന്നത്‌..കടല്‍കാറ്റേറ്റു പാറിപ്പറക്കുന്ന തലമുടി അലസമായി മാടിയൊതുക്കി വാചാലമായ നിന്‍റെ മുഖം..ഇന്ന്..അതെല്ലാം  വെറും ഓര്‍മ്മകള്‍...ഇന്നിവിടെ ഞാന്‍ മാത്രമായി വന്നപ്പോള്‍ നിശബ്ദത  തളംകെട്ടി നില്‍ക്കുന്നു...ഭീകരമായ നിശബ്ദത മാത്രം...മൂന്നാം വയസ്സില്‍ ചിലങ്ക കെട്ടിയ നിന്‍റെ കാലുകള്‍..പ്രഗത്ഭയായ നര്‍ത്തകിയായ നിനക്ക് ഒരു ചുവടും പിഴച്ചിരുന്നില്ല...നീ എന്‍റെ അഭിമാനമായിരുന്നു..നിന്‍റെ സുഹൃത്തായതില്‍ ഞാന്‍ അഭിമാനിച്ചിരുന്നു....സന്തോഷിച്ചിരുന്നു ...
                    പക്ഷേ...നിന്‍റെ ചുവടുകള്‍ പിഴച്ചത് അവന്‍റെ കാര്യത്തില്‍ മാത്രമായിരുന്നു..ശരത്..അവനിന്ന് ആരുടെയോ ഭര്‍ത്താവായിരിക്കാം... പിതാവായിരിക്കാം..നിന്നെ കുറിച്ചുള്ള ഓര്‍മകളുടെ ഒരു കണിക പോലും ആ മനസ്സില്‍ അവശേഷിക്കുന്നുണ്ടാവില്ല..സത്യത്തില്‍ അവനെ ആദ്യം ഇഷ്ടപ്പെട്ടത് ഞാനായിരുന്നു..ചിപ്പിക്കുള്ളിലെ ഒരു മുത്തു പോലെ..
                    ഇരുനിറത്തില്‍ മെലിഞ്ഞു ഉയരമുള്ളവന്‍..എണ്ണ പുരട്ടി ഒതുക്കിവെച്ച ചുരുളന്‍ തലമുടി..നെറ്റിയില്‍ ഇപ്പോഴും നീളന്‍ ചന്ദനക്കുറി..കലാലയത്തിന്‍റെ  പകിട്ടും പ്രൌഡിയും  ഇല്ലാത്ത ഒരു സാധാരണക്കാരന്‍..എന്തു ഭംഗിയായിരുന്നു അവന്‍റെ ചിരിക്ക്...ആര്‍ക്കാണവനെ  ഇഷ്ടപെടാന്‍ കഴിയാത്തത്..??എനിക്കവനെ ജീവനായിരുന്നു..പക്ഷേ നിന്‍റെ മനസ്സില്‍ അവന്‍ സ്ഥാനം പിടിച്ചു എന്നറിഞ്ഞ നിമിഷം ഞാനെല്ലാം മറന്നു...അവനെ ഒരു സുഹൃത്തായി മാത്രം കരുതി..
                   ലാസ്യഭംഗിയാര്‍ന്ന അവന്‍റെ സംസാരം..അതായിരിക്കാം നിന്നെ അവനോടു കൂടുതല്‍ അടുപ്പിച്ചത്...നിങ്ങളുടെ പ്രണയം കലാലയത്തെ പ്രകമ്പനം കൊള്ളിച്ചില്ല...അവന്‍റെ സാമീപ്യം നിന്നെ ആനന്ദിപ്പിച്ചിരുന്നു....നിന്‍റെ  അന്നത്തെ വാക്കുകള്‍..അതെന്‍റെ കാതുകളില്‍ ഇന്നും മുഴങ്ങുന്നു..ഒന്നും മറക്കാവുന്നതല്ലല്ലോ...നീ പറഞ്ഞു..."പുരുഷന്‍..അവന്‍റെ സ്നേഹം..സാമീപ്യം..അതുണ്ടെങ്കിലേ സ്ത്രീയ്ക്ക് പൂര്‍ണതയുള്ളൂ.." നീ എഴുതി,പുരുഷനെ കുറിച്ച്..അവന്‍റെ സ്നേഹത്തെ കുറിച്ച് ..അവന്‍റെ സ്നേഹത്തില്‍ ഉന്മത്തയായ നീ അവനെ വളരെയേറെ പ്രകീര്‍ത്തിച്ചു..ഒരുപക്ഷെ ദൈവത്തെക്കാള്‍..ആ വാക്കുകള്‍ ഇഷ്ടപ്പെടാതെ ഞാന്‍ ചോദിച്ചു,"ദൈവത്തിനു മേലെ അവനെ  അവരോധിക്കണോ" എന്ന്...അതിനു മറുപടിയായി നീയൊന്നു പുഞ്ചിരിച്ചു..അത്ര മാത്രം...പക്ഷേ നിനക്ക് തെറ്റുപറ്റി..നീ ചതിക്കപ്പെട്ടു..ആദ്യം ദൈവം..പിന്നെ അവന്‍...നീ പ്രകീര്‍ത്തിച്ചവന്‍...ഉയരങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിച്ച നിന്‍റെ ചിറകുകള്‍ തിരിച്ചെടുത്തു ദൈവം നിന്നെ ആദ്യം കൈവിട്ടു...
                     പരീക്ഷയുടെ തിരക്കിനിടയിലെ ഒരു ചെറിയ പനി..അസ്വസ്ഥത..നീയത് പൂര്‍ണമായും അവഗണിച്ചു..പക്ഷേ അതൊരു മാറാരോഗത്തിന്‍റെ സൂചനയാണെന്ന് മനസ്സിലാക്കാന്‍  കഴിഞ്ഞില്ല.....മനസ്സിലാക്കിയപ്പോഴേയ്ക്കും..ഏറെ താമസിച്ചു പോയിരുന്നു...അവസാന പരീക്ഷയ്ക്ക് ശേഷം ഹോസ്റ്റലിലേയ്ക്ക്  മടങ്ങവേ എന്‍റെ കൈകളില്‍ തളര്‍ന്നു വീണ നീ...ഞാന്‍ അറിയിച്ചതനുസരിച്ച് എത്തിയ നിന്‍റെ അമ്മയും ഏട്ടന്മാരും...പരിശോധനകള്‍ക്ക് ശേഷം നിന്നെ ആര്‍.സി.സിയില്‍ കൊണ്ടു പോകാന്‍ ഡോക്ടര്‍ പറഞ്ഞു എന്നറിഞ്ഞ ഞാന്‍ അനുഭവിച്ച വേദന...നിന്നെ മരണത്തിന്‍റെ കരാളഹസ്തങ്ങളില്‍ നിന്നു രക്ഷിക്കാന്‍ കഴിയില്ല എന്നറിഞ്ഞ ഞാന്‍ തളര്‍ന്നു..പൂര്‍ണമായും തളര്‍ന്നു...ദിനരാത്രങ്ങള്‍ ആശുപത്രിയില്‍ ചിലവഴിച്ച നിന്നെ സമാധാനിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ലായിരുന്നു..ആസന്നമായിക്കൊണ്ടിരിക്കുന്ന മരണം കാത്തിരിക്കുന്ന നിന്നെ.........ഇല്ലാ..ഞാനനുവദിക്കില്ല...അതിനും മാത്രം അപരാധം ഒന്നും നീ ചെയ്തിട്ടില്ലല്ലോ.....അവളെ രക്ഷിക്കാന്‍ ഒരു ദൈവത്തിനും കഴിയില്ലേ..എന്ന ചോദ്യം എന്‍റെ മനസ്സില്‍ അലയടിച്ചു...ഇല്ലാ...നീ രക്ഷപ്പെടും..നടനവേദികള്‍ നിനക്കായി കാത്തിരിക്കുമ്പോള്‍ അതൊക്കെ വിട്ടെറിഞ്ഞ്‌ നിനക്കെങ്ങനെ പോകാന്‍ കഴിയും??നിനക്കതിനു കഴിയില്ല...അടിയുറച്ച ആത്മവിശ്വാസം എന്നില്‍ കത്തിജ്വലിച്ചു..അണയാന്‍ പോകുന്ന തിരി ആളിക്കത്തുമെന്ന് അപ്പോള്‍ ഞാന്‍ ഓര്‍ത്തില്ല...
                    നിന്‍റെ ഈ അവസ്ഥയില്‍ പരിതപിക്കാന്‍ നമ്മുടെ സഹപാഠികള്‍ എല്ലാവരും വന്നിരുന്നു...പക്ഷേ അക്കൂട്ടത്തില്‍ ഒരിക്കല്‍ പോലും അവനെ കണ്ടില്ല....നിന്‍റെ പ്രിയതമന്‍...നീ വാഴ്ത്തിയവന്‍...ശരത്..ഒരിക്കലെങ്കിലും നിന്നെ വന്നൊന്നു കാണാന്‍ ഞാനവനോട് അപേക്ഷിച്ചു....നിര്‍വികാരമായിരുന്നു അവന്‍റെ മുഖം..കുറേ ഏറെ കേണു പറഞ്ഞപ്പോള്‍ അവന്‍ പറയുകയാണ്‌..ഈ അവസ്ഥയില്‍ നിന്നെ വന്നു കാണാനുള്ള ശക്തി അവനില്ലെന്നു...അതു പറയുമ്പോള്‍ പക്ഷേ..അവന്‍റെ കണ്ണ് ഒരിക്കല്‍ പോലും നനഞ്ഞിരുന്നില്ല...എങ്ങനെയെങ്കിലും എന്നെ ഒഴിവാക്കിയാല്‍ മതി എന്നുള്ള ഭാവമായിരുന്നു അവന്...എന്നില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള വ്യഗ്രതയായിരുന്നു അവന്...എല്ലാം കാപട്യം നിറഞ്ഞ ചെയ്തികള്‍....ഞാനെത്ര പറഞ്ഞിട്ടും അവന്‍ വരാന്‍ കൂട്ടാക്കിയില്ല....ആവുന്നത്ര ഞാന്‍ ശ്രമിച്ചു...യാചിക്കാനല്ലേ കഴിയു...ആജ്ഞാപിക്കാന്‍ കഴിയില്ലല്ലോ...ഞാനതൊന്നും അന്ന് നിന്നോട് പറഞ്ഞിരുന്നില്ല....കാരണം അപ്പോഴും  നിന്‍റെ മനസ്സില്‍ അവനായിരുന്നു..അവനോടുള്ള വിശ്വാസമായിരുന്നു...
                    അവനിപ്പോള്‍ ഒരു നിഷ്കളങ്കന്‍റെ ഭാവമല്ല....നഗരത്തിന്‍റെ പാച്ചിലില്‍ അവന്‍ ആകെ മാറിയിരിക്കുന്നു...നിനക്ക് പകരം മറ്റൊരുവള്‍..എന്തിനേറെ പറയുന്നു..നിന്നെ ആകര്‍ഷിച്ച ആ ലാസ്യഭംഗിയാര്‍ന്ന സംസാരശൈലി വരെ മാറിയിരിക്കുന്നു..മാറ്റത്തിന്‍റെ ലഹരിയില്‍ എല്ലാം മറക്കുന്നവന്‍...സ്വന്തം ഇഷ്ടത്തിനു കളം മാറ്റി ചവിട്ടുന്ന ആ വൈഭവം..അവന്‍ നിന്നെ വഞ്ചിച്ചിരിക്കുന്നു..നീ പൂജിച്ചവന്‍..
                    ജീവിക്കാന്‍ മറ്റുള്ളവരുടെ രക്തം ആവശ്യമായിരുന്ന നിനക്ക് സ്വന്തം ശരീരത്തില്‍ നിന്നും രക്തം നല്‍കാന്‍ സമ്മതിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം..എണ്ണാന്‍ കഴിയാത്ത അത്ര സുഹൃത്തുക്കള്‍  ഉണ്ടായിരുന്ന നിനക്കാണ് ഈ വിധിയെന്ന് ഓര്‍ക്കുമ്പോള്‍..ആശംസയും യാത്രാമൊഴിയും കൂട്ടിക്കലര്‍ത്തിയ വാക്കുകള്‍ മാത്രമാണോ സൗഹൃദം..??ആത്മാര്‍ത്ഥതയില്ലാത്ത    സുഹൃത്തുക്കളേക്കാള്‍ നല്ലത് ശത്രുക്കള്‍ തന്നെയാണ്..എന്തിനിങ്ങനെ സുഹൃത്തുക്കള്‍....???
                    മരണം ഉറപ്പാക്കിയ നിമിഷത്തിലായിരിക്കണം നീയെന്നോട്‌ അക്കാര്യം ആവശ്യപ്പെട്ടത്....അവനെ...നിന്‍റെ ശരത്തിനെ ഒന്നു കാണണമെന്ന്...നടക്കില്ല എന്ന് ഉറപ്പായിരുന്നിട്ടും നിനക്ക് വേണ്ടി ഞാന്‍ ആശുപത്രി വിട്ട്‌ ഇറങ്ങി..അവനെ തിരക്കി ഞാന്‍ ഏറെ അലഞ്ഞു..ഒടുവില്‍ അവന്‍റെ പുതിയ കാമുകിയോടൊപ്പം അവനെ കണ്ടെത്തി..മാറ്റിനിര്‍ത്തി കാര്യം പറഞ്ഞപ്പോള്‍ പതിവ് പോലെ അവന്‍റെ മുഖം നിര്‍വികാരമായിരുന്നു..ആ ചുണ്ടുകള്‍ പുച്ഛത്താല്‍ വക്രിച്ചു..നിന്‍റെ ആഗ്രഹം സഫലമാകണം എന്ന മോഹത്തോടെ നിന്ന എന്നെ അവജ്ഞയോടെ ഒന്നു നോക്കിയിട്ട് അവന്‍ പോയി..
                    രാത്രി വൈകി ആശുപത്രിയില്‍ എത്തിയ ഞാന്‍ കണ്ടത് ഒഴിഞ്ഞ കിടക്കയാണ്..ഞെട്ടിക്കുന്ന ആ സത്യം ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല...നീയില്ലാത്ത ഈ ലോകത്തെ കുറിച്ച്  ചിന്തിക്കാന്‍ പോലും ഞാന്‍ അശക്തയായിരുന്നു..വിധിയുടെ ക്രൂരത..അവസാന നിമിഷം നിന്നോടൊത്തു നില്‍ക്കാന്‍ പോലും...എനിക്ക്....
                    നിന്‍റെ നാട്ടില്‍ എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു...ആ ഒരു ദിവസം നിന്‍റെ വീട്ടില്‍ തങ്ങി..പ്രിയപ്പെട്ടവളെ....നിന്‍റെ ചിതയെരിഞ്ഞമരുന്നത് ഞാന്‍ കണ്ടു...നിന്‍റെ  ശരീരം...സുന്ദരമായിരുന്ന ആ ശരീരം കത്തിയമരുന്ന ഗന്ധം...എന്‍റെ തലച്ചോറില്‍ പുഴുക്കള്‍ അരിക്കുന്നത് പോലെ...അഗ്നി കത്തിയത് എന്‍റെ ഉള്ളിലായിരുന്നു..ആ ചൂട് എന്‍റെ ഹൃദയത്തിലായിരുന്നു...അവസാന നിമിഷം നീ എന്നെ ചോദിച്ചു എന്നും എന്നെ കാണണം എന്ന് ആവശ്യപ്പെട്ടു എന്നും നിന്‍റെ അമ്മ പറഞ്ഞറിഞ്ഞപ്പോള്‍..പൊട്ടിക്കരയാനേ എനിക്ക് കഴിഞ്ഞുള്ളൂ...
                    അന്ന്...രാത്രിയേറെ കഴിഞ്ഞപ്പോള്‍...തൊട്ടടുത്ത മുറിയില്‍ അടക്കം പറച്ചിലുകളും മദ്യത്തിന്‍റെ ഗന്ധവും..അതെന്നെ അസ്വസ്ഥയാക്കി..ഒപ്പം  ചെറിയ ചിരിയുടെ അലകളും കൂടി ഒഴുകി എത്തിയപ്പോള്‍ മനസ്സിലായി നിന്‍റെ ഏട്ടന്മാര്‍ ദുഃഖം പങ്കു വെയ്ക്കുകയല്ല..പകരം ആഘോഷിക്കുകയാണെന്ന്..നാലായി പിരിക്കേണ്ടതു  ഇനി മൂന്നായി പിരിച്ചാല്‍ മതിയല്ലോ എന്ന ഗൂഡമായ ആഹ്ലാദം...കാപട്യം നിറഞ്ഞ ലോകം..വൃത്തികെട്ട മനസ്സുമായി അലഞ്ഞു തിരിയുന്ന മനുഷ്യക്കോലങ്ങള്‍...വയ്യ..മടുത്തു....അമ്മയോടു  മാത്രം യാത്ര പറഞ്ഞ്‌ പിറ്റേന്ന് രാവിലെ ഞാനവിടെ നിന്നും ഇറങ്ങി..
                    നീ എന്നില്‍ ഉണര്‍ത്തിയ സര്‍ഗ്ഗശക്തിയുമായി ഞാനിന്നും ജീവിക്കുന്നു...സൌഹൃദം വിഷയമാകുന്ന എന്‍റെ കഥകളിലെല്ലാം ദുഖത്തിന്‍റെ നേര്‍ത്ത അലകള്‍ അടങ്ങിയിരിക്കുന്നു എന്ന് ആരാധകര്‍ പറയുമ്പോഴും അതിനു കാരണം നീയാണെന്ന് ഞാന്‍ ആരോടും പറഞ്ഞില്ല....
                    ഇന്നീ മണല്‍ത്തിട്ടയില്‍..കടല്‍കാറ്റേറ്റു നില്‍ക്കുമ്പോഴും ഞാന്‍ നിന്നെ കുറിച്ച് ഓര്‍ക്കുകയാണ്..നിന്നെ കുറിച്ച് മാത്രം...ആശുപത്രിയില്‍ നിന്നെ അവസാനമായി കണ്ട നിമിഷം..ഒരിക്കലും മാഞ്ഞു പോകാത്ത ശോകപൂര്‍ണമായ  ഒരു എണ്ണച്ഛായാചിത്രം പോലെ അതിന്നും എന്‍റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു...
                    ആശുപത്രിയിലെ ഇരുമ്പുകട്ടിലില്‍ മെലിഞ്ഞു കരുവാളിച്ച നിന്‍റെ രൂപം..കരഞ്ഞു വീര്‍ത്ത കണ്ണുകളുമായി അരികില്‍ അമ്മ..അക്ഷമയും വെറുപ്പും നിറഞ്ഞ മുഖവുമായി ഏട്ടന്മാര്‍..സുന്ദരമായ നിന്‍റെ ശരീരം അപ്പോള്‍ ചുള്ളിക്കമ്പു പോലെ ആയി തീര്‍ന്നിരുന്നു..കണ്ണുകള്‍ കുഴിഞ്ഞ്..ചൈതന്യമാര്‍ന്ന കണ്ണുകള്‍ നിര്‍ജീവമായി മാറിയിരുന്നു...തലമുടി കൊഴിഞ്ഞ്..വെണ്മയാര്‍ന്ന  പല്ലുകള്‍ കറുത്ത്‌...ചിലങ്ക കെട്ടി നൃത്തവേദികള്‍ കീഴടക്കിയിരുന്ന ആ കാലുകള്‍ തോലു പൊതിഞ്ഞ വെറും അസ്ഥികഷ്ണങ്ങള്‍  പോലെ.....ഹോ..ഓര്‍ക്കാന്‍ പോലും...എനിക്ക്.....
                    പ്രിയ സുഹൃത്തേ...ഞാന്‍ മടങ്ങുകയാണ്..ദുഖസാന്ദ്രമായ നിന്‍റെ സ്മരണകള്‍ തിരതല്ലുന്ന ഈ തീരത്തു നിന്നും...ഞാന്‍ വിട പറയുകയാണ്‌,നമ്മള്‍ ഒത്തൊരുമിച്ച് കഥകള്‍ പറഞ്ഞിരുന്ന..സ്വപ്‌നങ്ങള്‍ കണ്ടിരുന്ന...ഈ മണല്‍ത്തിട്ടയില്‍ നിന്നും....എന്‍റെ ഓര്‍മയില്‍..ഒരു തിളങ്ങുന്ന മയില്‍‌പ്പീലി പോലെ നീയെന്നും ഉണ്ടാകും..എന്‍റെ മനസ്സിലെന്നും..എന്നെന്നും നീയുണ്ടാകും...പ്രിയപ്പെട്ടവളെ,ഒരിക്കലും മായാതെ...മറയാതെ...നഷ്ടപ്പെടാതെ..ഒരു മയില്‍പ്പീലിയായി നിന്‍റെ സ്മരണകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് ആത്മവ്യഥയോടെ  ഞാന്‍ മടങ്ങുകയാണ്..ഈ തീരത്തു നിന്നും..എന്നെന്നേയ്ക്കുമായി....

1 comment: